Sunday Homilies

രക്തത്താലുള്ള ഉടമ്പടി

രക്തത്താലുള്ള ഉടമ്പടി

ഒന്നാം വായന : പുറപ്പാട് 24: 3-8
രണ്ടാം വായന : ഹെബ്രായർ 9: 11-15
സുവിശേഷം വി. മത്തായി 14: 12-16, 22-26

ദിവ്യബലിക്ക് ആമുഖം

യേശുവിന്റെ തിരുശരീര രക്തങ്ങളോടുള്ള ഭക്തിയും ബഹുമാനവും എത്ര പ്രധാനമാണെന്ന് തിരുശരീര രക്തങ്ങളുടെ തിരുനാൾ വ്യക്തമാക്കുന്നു. പെസഹാ വ്യാഴാഴ്ച ദിവ്യകാരുണ്യത്തിന്റെ  സംസ്ഥാപനം ആഘോഷിക്കുന്ന സഭ പെന്തക്കോസ്താ തിരുനാളിനും പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളിനും ശേഷം ഈ തിരുനാൾ ആഘോഷിച്ചുകൊണ്ട്, തിരുശരീര രക്തത്തിലൂടെ സഭയിൽ നിരന്തരം സന്നിഹിതനായിരിക്കുന്ന യേശുവിനെ നമുക്ക് വെളിപ്പെടുത്തുന്നു. യേശുവിന്റെ വചനം ശ്രവിക്കാനും അവന്റെ തിരുശരീര രക്തങ്ങൾ സ്വീകരിക്കുവാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണ കർമ്മം

ഇന്നത്തെ വായനകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു വാക്കുണ്ട്: “ഉടമ്പടിയുടെ രക്തം”.  ഒന്നാം വായനയിൽ മോശ ബലിയർപ്പിച്ചതിന് ശേഷം അർപ്പിക്കപ്പെട്ട രക്തമെടുത്ത് ഇസ്രായേൽ ജനത്തിന്റെ മേൽ തളിച്ചുകൊണ്ട് പറയുന്നു “ഈ വചനങ്ങളെയെല്ലാം ആധാരമാക്കി കർത്താവ് നിങ്ങളോട് ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു”.  സുവിശേഷത്തിൽ യേശു പാനപാത്രമുയർത്തി കൃതജ്ഞതാ സ്തോത്രം അർപ്പിച്ചുകൊണ്ട് പറയുന്നു “ഇത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്”.  രണ്ടാമത്തെ വായനയിൽ പൗലോസാപ്പൊസ്തലൻ രക്തമർപ്പിച്ച് കൊണ്ടുള്ള പഴയ ബലിയുടെയും പുതിയ ബലിയുടെയും വ്യത്യാസങ്ങൾ എടുത്തുപറയുന്നു. “ക്രിസ്തു നിത്യ രക്ഷ സാധിച്ചത് കോലാടുകളുടെയോ കാളക്കിടാങ്ങളുടെയോ   രക്തത്തിലൂടെയല്ല, മറിച്ച് സ്വന്തം രക്തത്തിലൂടെയാണ്.”

പുരാതന കാലം മുതൽക്ക് തന്നെ മനുഷ്യരിലെ വ്യത്യസ്ത വർഗ്ഗങ്ങളും ഗോത്രങ്ങളും തമ്മിൽ രക്തത്തിലൂടെ ഉടമ്പടി ഉറപ്പിച്ചിരുന്നു. രക്തവും ബലിയും ഉടമ്പടിയുടെ അടയാളങ്ങളായിരുന്നു. പെസഹാ ആചരിക്കുന്ന വേളയിൽ അപ്പവും വീഞ്ഞുമുയർത്തി കൃതജ്ഞതാ സ്തോത്രം ചെയ്യുന്ന യേശു ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയ്ക്ക് ഒരു പുതിയ മുഖം നൽകുന്നു. ഇനിമുതൽ മൃഗങ്ങളുടെ ബലി ആവശ്യമില്ല. യേശു തന്റെ ശരീരവും രക്തവും അർപ്പിച്ചുകൊണ്ട് ഒരു പുതിയ ബലി സ്ഥാപിച്ചിരിക്കുന്നു. ആ തിരുബലിയാണ് ഓരോ ദിവസവും നാം അർപ്പിക്കുന്നത്. ക്രിസ്തുവിലൂടെ നാം ദൈവവുമായി ഒരു പുതിയ ഉടമ്പടിയിൽ നാം ഏർപ്പെടുന്നു.

ഇന്ന് യേശുവിന്റെ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോൾ ഇതോർമ്മിപ്പിക്കുന്നത് നമ്മുടെ ജീവിതവും ഒരു ബലിയായി തീരേണ്ടതാണ്. ജീവിതമാകുന്ന ആൽത്താരയിൽ നമ്മുടെ ജീവിതാനുഭവങ്ങളെ യേശുവിന്റെ പീഡകളോട് ചേർത്ത് വച്ച്, അവന്റെ കുരിശുമെടുത്ത് അവനെ അനുഗമിക്കുമ്പോൾ നമ്മുടെ ജീവിതവും ദൈവത്തിന് സ്വീകാര്യമായ ഒരു ബലിയായി തീരുകയാണ്. “ബലി” എന്ന വാക്ക് ദേവാലയവുമായി മാത്രം ബന്ധപ്പെട്ട ഒരു അപരിചിതമായ വാക്കല്ല.   രാജ്യത്തിന് വേണ്ടി ജീവിതം ബലികൊടുത്തവരെപ്പറ്റി  നാം കേട്ടിട്ടുണ്ട് എന്നാൽ കുടുംബത്തിനും , സഭയ്ക്കും, സമൂഹത്തിനും വേണ്ടി ജീവിതം ബലികൊടുക്കുന്നവരുണ്ട്. കുടുംബത്തെ പോറ്റാനായി ജീവിതം മുഴുവൻ കഠിനമായി അധ്വാനിക്കുന്ന മാതാപിതാക്കളും, ഇടവകയുടെ പുരോഗതിയ്ക്കായി അക്ഷിണം പ്രവർത്തിക്കുന്ന വൈദികരും സന്യസ്തരും, ജീവിതപങ്കാളിക്ക് വേണ്ടി ത്യാഗങ്ങൾ സഹിക്കുന്നവരും,  തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ അച്ചടക്കത്തോടെ ശ്രദ്ധിക്കുന്ന വിദ്യാർത്ഥികളുമെല്ലാം തങ്ങളുടെ ദൈനംദിന ജീവിതത്തെ ക്രിസ്തുവിന്റെ ബലിയോട് ചേർത്ത് പിടിക്കുകയാണ്. ഈ ജീവിതബലിയർപ്പണത്തിൽ നമുക്ക് ശക്തി പകരുന്നത് യേശുവിന്റെ തിരുശരീരവും രക്തവുമാണ്.

തിരുശരീര രക്തങ്ങൾ സ്വീകരിച്ച് നാം ദേവാലയത്തിന് പുറത്ത് പോകുമ്പോൾ നമുക്കോർമ്മിക്കാം നമ്മുടെ ജീവിതബലിയിൽ യേശു നമ്മോടൊപ്പമുണ്ടെന്ന്.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker