Daily Reflection

“സ്വർഗത്തെക്കൊണ്ട് ആണയിടരുത്”

“സ്വർഗത്തെക്കൊണ്ട് ആണയിടരുത്"

1 രാജാ. – 19:19-21
മത്താ. – 5:33-37

“സ്വർഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീഠമാണ്.”

കാണുന്നവയും, കേൾക്കുന്നവയും അതേ രീതിയിൽ പറയുകയെന്ന അവബോധം നമ്മെ ഓർമ്മപെടുത്തുകയാണ് യേശുക്രിസ്തു. പറയുന്ന എല്ലാ കാര്യങ്ങളും സത്യമെന്ന് വരുത്തിത്തീർക്കാൻ ആണയിടേണ്ട ആവശ്യമില്ല. മറിച്ച്,  സത്യമായ കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി.

കാര്യങ്ങൾ സത്യം സത്യമായി പറയണം അല്ലാതെ ആണയിട്ടുകൊണ്ട് സത്യത്തെ അസത്യമാക്കുകയോ, അസത്യത്തെ സത്യമാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നപക്ഷം അത് ദുഷ്ചിന്തയാണ്. പറയുന്ന കാര്യങ്ങൾ ‘അതെ, അതെയെന്നോ’ ‘അല്ല, അല്ലായെന്നോ’ ആണെങ്കിൽ സ്വർഗ്ഗത്തെക്കൊണ്ടോ, ഭൂമിയെക്കൊണ്ടോ ആണയിടേണ്ട ആവശ്യമില്ല.

സ്നേഹമുള്ളവരെ, സത്യമായ കാര്യം അറിയിക്കുന്നതിന് ഒന്നിനെക്കൊണ്ടും ആണയിട്ട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. നാം മറ്റുള്ളവരോട് പറയുന്ന കാര്യം സത്യമാണോയെന്ന ഉറച്ച ബോധ്യം നമ്മളിലുണ്ടെങ്കിൽ നാം ഒന്നിനെക്കൊണ്ടും ആണയിടേണ്ട ആവശ്യമില്ല. സ്വാർത്ഥതാല്പര്യത്താൽ സത്യത്തെ വളച്ചൊടിക്കുന്നത് ദുഷ്ചിന്തയാണ്.

സഹോദരന്റെ നന്മ ആഗ്രഹിച്ചുകൊണ്ട്, സത്യത്തിന്റെ മാർഗ്ഗം പിന്തുടരുന്ന ഒരുവന് സത്യം വിളിച്ചുപറയുന്നതിന് ഒന്നിനെയും കൂട്ടുപിടിക്കേണ്ട ആവശ്യമില്ല.

സാധാരണഗതിയിൽ നാം പറയുന്നത് ശരിയെന്നു വരുത്തിതീർക്കാൻ കൂട്ടുപിടിക്കുന്നത് സ്വർഗ്ഗത്തെയും, ഭൂമിയെയും, ശിരസ്സിനെയുമൊക്കെയാണ്. ഇവയൊന്നിനെക്കൊണ്ടും ആണയിടരുതെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുകയാണ്. സത്യം വിളിച്ചറിയിക്കുന്നതിന് ഒന്നിനെയും കൂട്ടുപിടിക്കേണ്ട ആവശ്യമില്ല എന്ന് സാരം.

നാം പറയുന്നത് സത്യമെന്ന് ഉറപ്പുണ്ടെങ്കിൽ  ആണയിടേണ്ട ആവശ്യം ഒട്ടുമില്ലല്ലോ. ‘സത്യം ഒറ്റയ്ക്ക് നിലനിൽക്കേണ്ട ഒന്നാണ്. യഥാർത്ഥ സത്യത്തിന് ഒന്നുകൊണ്ടും ഊന്നുകൊടുക്കേണ്ട ആവശ്യമില്ല’.

നാം കണ്ട കാര്യങ്ങളും, കേട്ട കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കാറുണ്ട്. നാം പങ്കുവെയ്ക്കുന്ന കാര്യങ്ങൾ സത്യമാണോയെന്ന് ചിന്തിച്ച് ഉറപ്പാക്കിയിട്ട് പങ്കുവെയ്ക്കുവാൻ ശ്രമിക്കുക. സത്യത്തെ വളച്ചൊടിച്ച് അസത്യമാക്കി മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ ഓർക്കുക, നമ്മുടെ ജീവിതത്തിലും ഇതുപോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന്.

ആണയിൽ ആശ്രയിച്ചുകൊണ്ട് സത്യത്തെ അസത്യമാക്കുമ്പോഴും, അസത്യത്തെ സത്യമാക്കുമ്പോഴും നഷ്ടപ്പെടുന്നത് മറ്റുള്ളവരുടെ ജീവിതാഭിലാഷങ്ങളാണ്. ആയതിനാൽ, സത്യം ജയിക്കട്ടെ നന്മ വിജയിക്കട്ടെ എന്ന വിചാരത്താൽ ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.

സ്നേഹനാഥാ, നന്മ മാത്രം കാണുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് സത്യം വിളിച്ചറിയിക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അങ്ങയോട്  ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker