Daily Reflection

ശാസന’ പുന:ർ വിചിന്തനത്തിനുള്ള ‘താക്കീതാണ്’

ശാസന' പുന:ർ വിചിന്തനത്തിനുള്ള 'താക്കീതാണ്'

ഏശയ്യാ 7: 1-9
മത്തായി 11: 20-24

“നിന്നില്‍ നടന്ന അദ്‌ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു.”

യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കുന്നതാണ് ഇന്ന് നാം കേൾക്കുന്നത്.

‘ശാസന’ ഒരിക്കലും ഒരു ശിക്ഷയല്ല മറിച്ച് ഒരു താക്കീതാണ്. താക്കീത് ഒരു വ്യക്തിക്ക് പുന:ർ വിചിന്തനത്തിലേക്കുള്ള വഴികാട്ടിയാണ്, ചൂണ്ടുപലകയാണ്. ചൂണ്ടുപലകകളെ നിരസിച്ച് മുന്നോട്ട് പോയാൽ ലക്ഷ്യം തെറ്റും എന്നത് നമ്മുടെ ഓരോരുത്തരുടെയും അനുഭവവുമാണ്.

ക്രിസ്തു ഇന്ന് നമുക്ക് ശാസനയിലൂടെ ഒരു ചൂണ്ടുപലക നൽകുന്നു. നമ്മുടെ ജീവിതങ്ങളിൽ ലഭ്യമായിട്ടുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ബോധമുള്ളവരാകാൻ ക്രിസ്തു നമ്മെ ക്ഷേണിക്കുകയാണ്.

വിവിധങ്ങളായ കുദാശകളിലൂടെ, അടയാളങ്ങളിലൂടെ ക്രിസ്തു നമുക്ക് നൽകുന്നത് നേരായ നടപ്പാതയാണ്. ആ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ആത്യന്തികമായി ഒടുവിൽ നാം എത്തേണ്ടയിടത്തിൽ എത്തിച്ചേരുമെങ്കിലും, വിവിധങ്ങളായ പ്രലോഭനങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്. അവയെ തിരിച്ചറിയുവാനുള്ള ഒരാഹ്വാനവും കൂടിയാണ് ഇന്നത്തെ സുവിശേഷം.

ക്രിസ്‌തീയ ജീവിതത്തിൽ നമ്മെ കാത്തിരിക്കുന്ന പ്രലോഭനങ്ങൾ അനവധിയാണ്. നമ്മുടെ ചിന്തകളെയും, അസ്തിത്വത്തെതന്നെയും  ചോദ്യം ചെയ്യുമാറ് ഈ പ്രലോഭനങ്ങൾ നമ്മെ സമീപിക്കും.

നമ്മുടെ വിശ്വാസ ജീവിതങ്ങളെ ഇത് ചോദ്യം ചെയ്യും. ക്രിസ്തുവിനോട് കൂടെ ആയിരുന്നിട്ടും, അവന്റെ അനുഗ്രഹങ്ങൾ അനുഭവിച്ചിട്ടും സ്നേഹപൂർവ്വം ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുത്ത ചരിത്രത്തിന് നാമും ഇന്ന് സാക്ഷികളാവുന്നുണ്ട്. അതായത്, ഇന്നും ക്രിസ്തുവിനും, ക്രിസ്തു സ്ഥാപിച്ച കൂദാശകൾക്കും വിലങ്ങു തടിയാവുന്നത്, അല്ലെങ്കിൽ നമ്മെ കൂദാശകളിലൂടെ ലഭ്യമായ അനുഗ്രഹങ്ങളെ മറന്നുകൊണ്ട്, ക്രിസ്തുവിന്റെ കൂദാശകൾക്ക് എതിരാകാൻ പ്രേരിപ്പിക്കുന്നത് ‘യഥാർത്ഥ ക്രിസ്തു അനുയായികൾ’ എന്ന് സോഷ്യൽ മീഡിയകളിലൂടെ സ്വയം വിശേഷിപ്പിക്കുന്നവർ തന്നെയാണ്.

സ്നേഹമുള്ളവരെ, നമ്മുടെ അനുദിന ജീവിതത്തിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളിൽനിന്ന് മുഖം തിരിക്കാതെ, അവയൊക്കെയും നമ്മുടെ മാത്രം ശക്തിയാലും പ്രയത്നത്താലും മാത്രം സ്വന്തമാക്കപ്പെട്ടവയെന്ന അഹന്തയിൽ കാണാതെ, അവയിലെ ദൈവകരം കൂടി തിരിച്ചറിഞ്ഞു മുന്നോട്ട് പോകുവാനുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ശാസനകളെ നന്മയിലേക്കുള്ള ചൂണ്ടുപലകകളായി മനസിലാക്കി, ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുവാനായി നിരന്തരം പരിശ്രമിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker