Sunday Homilies

മരണമില്ലായ്മയ്ക്കുള്ള ഒറ്റമൂലി

മരണമില്ലായ്മയ്ക്കുള്ള ഒറ്റമൂലി

ആണ്ടുവട്ടം ഇരുപതാം ഞായർ

ഒന്നാം വായന : സുഭാഷിതങ്ങൾ 9: 1-6
രണ്ടാം വായന : എഫെസോസ് 5: 15-20
സുവിശേഷം : വി. യോഹന്നാൻ 6: 51-58

ദിവ്യബലിക്ക് ആമുഖം

കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലായി നാം ശ്രവിച്ച വി. യോഹന്നാന്റെ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ‘മതബോധനം’, ഇന്ന് അതിന്റെ പരിസമാപ്തിയിൽ എത്തുകയാണ്. തിരുസഭയാകട്ടെ, നിത്യജീവൻ നൽകുന്ന യേശുവിന്റെ തിരുശരീര രക്തങ്ങളെ, സുഭാഷിതങ്ങളുടെ പുസ്തകത്തിൽ ‘ജ്ഞാന’മൊരുക്കുന്ന വിരുന്നുമായി പ്രതീകാത്മകമായി ബന്ധിപ്പിക്കുന്നു. ഈ തിരുവചനങ്ങൾ ശ്രവിക്കുവാനും, അമർത്യതയുടെ അപ്പം ഭക്ഷിക്കുവാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോരന്മാരേ,

മരണമില്ലാത്ത ജീവിതത്തെക്കുറിച്ച്, പുരാതന കാലം മുതൽക്ക് തന്നെ അന്വേഷണങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. അമർത്യനാകാൻ ആഗ്രഹിക്കുന്ന മനുഷ്യൻ എല്ലാക്കാലങ്ങളിലുമുണ്ട്. അമർത്യനായിരിക്കുവാനുള്ള ഒറ്റമൂലി യേശു നമുക്ക് പറഞ്ഞു തരികയാണ്. “പിതാക്കന്മാർ മന്നാ ഭക്ഷിച്ചു എങ്കിലും മരിച്ചു. അതുപോലെയല്ല, ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേയ്ക്കും ജീവിക്കും”. മരണമില്ലായ്മയ്ക്ക് വേണ്ടി ആഗ്രഹിക്കുന്ന മനുഷ്യകുലത്തിന് ദൈവം നൽകുന്ന മറുപടിയാണ് യേശുവിന്റെ തിരുശരീരവും രക്തവും. നാം നിത്യവും ജീവിക്കണമെമെന്നാണ് ദൈവംആഗ്രഹിക്കുന്നതു. ഇതിന്റെ അർഥം നാം ശാരീരികമായി മരിക്കുകയില്ല എന്നല്ല. യേശുവും മരണത്തിലൂടെ കടന്നുപോയി മരണത്തെ തോൽപ്പിച്ചു. അതുപോലെ തന്നെയാണ് യേശുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നവനും. അവൻ മരണത്തിലൂടെ കടന്നുപോകുന്നുവെങ്കിലും മരണത്തെ തോൽപ്പിച്ച്, നിത്യവും ജീവിക്കും.

കത്തോലിക്കാ സഭയിൽ മരണാസന്നനായ വ്യക്തി സ്വീകരിക്കുന്ന ദിവ്യകാരുണ്യത്തെ “വിയാത്തിക്കും” (ലത്തീൻ ഭാഷയിൽ Viaticum), മലയാളത്തിൽ “പാഥേയം” അഥവാ വഴിയാത്രയ്ക്ക് കരുതുന്ന ആഹാരം എന്ന് വിശേഷിപ്പിക്കാറുണ്ട്. അതായത്, മരണാസന്നനായ വ്യക്തി നിത്യ ജീവിതത്തിലേക്കുള്ള യാത്രയിൽ ശക്തി ലഭിക്കാനായി കരുതുന്ന ആത്മീയ ആഹാരം, അതാണ് ദിവ്യകാരുണ്യം. എ. ഡി. 325-ൽ നിഖ്യാ സുനഹദോസിൽ വച്ചുതന്നെ വിയാത്തിക്കും അഥവാ “മരണാസന്നരുടെ ദിവ്യകാരുണ്യ സ്വീകരണം” സഭയിൽ ആരംഭിച്ചതിൽ നിന്നുതന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാണ്.

ഞാൻ നിത്യജീവന്റെ അപ്പമാണ് എന്ന യേശുവിന്റെ വചനങ്ങൾ നമുക്കോരോരുത്തർക്കും ഉള്ള ക്ഷണമാണ്. ഇത്തരം ഒരു ക്ഷണം ഇന്നത്തെ ഒന്നാം വായനയിലും നാം കാണുന്നു. സുഭാഷിതങ്ങളുടെ പുസ്തകത്തിൽ നിന്നുള്ള വായനയിൽ ജ്ഞാനത്തെ ഒരു സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്നു. ഈ ജ്ഞാനമാകുന്ന സ്ത്രീയാകട്ടെ നല്ല വിരുന്നൊരുക്കിയിട്ട്, അതാസ്വദിക്കുവാനായി എല്ലാപേരെയും ക്ഷണിക്കാൻ പരിചാരികമാരെ അയക്കുകയാണ്.

ഒന്നാം വായനയിൽ അപ്പം ഭക്ഷിക്കാനും വീഞ്ഞു പാനം ചെയ്യുവാനുമുള്ള ജ്ഞാനത്തിന്റെ ക്ഷണമാണെങ്കിൽ, സുവിശേഷത്തിൽ തന്റെ ശരീരമാകുന്ന അപ്പം ഭക്ഷിക്കാനും രക്തമാകുന്ന വീഞ്ഞു പാനം ചെയ്യുവാനുമുള്ള യേശുവിന്റെ ക്ഷണമാണ്. ഇവിടെ ഏറ്റവും ശ്രദ്ധേയമായകാര്യം ജ്ഞാനം അൽപ ബുദ്ധികൾക്കും, ബുദ്ധി ശൂന്യർക്കും നൽകുന്ന ഉപദേശമാണ് : “ഭോഷത്തം വെടിഞ്ഞു ജീവിക്കുവിൻ, അറിവിന്റെ പാതയിൽ സഞ്ചരിക്കുവിൻ”. കൂദാശകളോടും പ്രത്യേകിച്ച് വിശുദ്ധ കുർബാനയോടുള്ള ഒരു വിശ്വാസിയുടെ മനോഭാവത്തിൽ പുലർത്തേണ്ട ജാഗരൂഗതയാണ് സുഭാഷിതങ്ങളുടെ പുസ്തകത്തിൽ നാം ശ്രവിച്ചത്.

എന്താണ് വിശ്വാസത്തിലെ ഭോഷത്തം?
ഓരോ വിശ്വാസിയെയും അവന്റെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിൽ, ദൈവാനുഭവവുമായി അടുപ്പിക്കുന്ന കൂദാശകളെ നശിപ്പിക്കാൻ ഒരുങ്ങുന്നതാണ് “ഭോഷത്തം”. വിശുദ്ധ കുർബാനയ്ക്ക് എതിരായ, യേശുവിന്റെ തിരുശരീരത്തിന്റെ മഹിമയെ കുറച്ചു കാണിക്കുന്ന എല്ലാ അഭിപ്രായങ്ങളേയും സിദ്ധാന്തങ്ങളെയും നാം തമസ്ക്കരിക്കണം. അറിവിന്റെ പാതയെന്നത് ഒരു വിശ്വാസിക്ക് കൂദാശകളുടെ പാതയാണ്. ഇന്നത്തെ സുവിശേഷത്തിലും യഹൂദന്മാരുടെ അറിവില്ലായ്മ യേശു തിരുത്തുകയാണ്.

നമുക്കും ജ്ഞാനത്തിന്റെ വാക്ക് ശ്രവിച്ച് വിശ്വാസത്താൽ ജ്വലിക്കുന്ന ബുദ്ധിയോടെ, അമർത്യതയുടെ ഒറ്റമൂലിയായ യേശുവിന്റെ തിരുശരീരവും തിരുരക്തവും സ്വീകരിക്കാം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker