Public Opinion

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്

മുരളി തുമ്മാരുകുടി

മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം വിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂർ വരെ ഉള്ള വെള്ളപ്പൊക്കത്തിന്റെ കാര്യത്തിൽ നല്ല മാറ്റം ഉണ്ടാകണം. മറ്റു ചെറു പുഴകളുടെ കാര്യത്തിൽ ഇപ്പോൾ തന്നെ കുറവുണ്ടായിക്കാണണം.

വെള്ളം ശരിക്കിറങ്ങി, ഇനി ഉടൻ വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പു വരുത്തിയതിന് ശേഷം വീട്ടിലേക്ക് പോവുക എന്നതാണ് ഏറ്റവും ശരിയായ കാര്യം. പക്ഷെ കൂടുതൽ പേരും ആ ഉപദേശം സ്വീകരിക്കാൻ വഴിയില്ല, വെള്ളമിറങ്ങുന്നതോടെ തന്നെ ഉപേക്ഷിച്ചു വന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവര്ക്കും. ഇതിന് പല കാര്യങ്ങൾ ഉണ്ട്.

1. ക്യാമ്പിലോ ബന്ധുവീട്ടിലോ എന്തിന് റിസോർട്ടിൽ തന്നെ ആണ് താമസം എങ്കിലും അത് സ്വന്തം വീട്ടിലെ പോലെ ആകില്ല.

2. ഉപേക്ഷിച്ചു വന്ന വീടിനോ വസ്തുവകൾക്കോ നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന പേടി എല്ലാവർക്കും ഉണ്ടാകാം.

3. വീട്ടിൽ കള്ളന്മാരോ മറ്റോ കയറിയിട്ടുണ്ടോ എന്ന പേടിയും ഉണ്ടാകാം.

ആളുകൾ നമ്മൾ നിർബന്ധിച്ചാലും ഇല്ലെങ്കിലും വേഗത്തിൽ വീട്ടിലേക്ക് മടങ്ങും. അതുകൊണ്ടു അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ കുറച്ചു പ്രായോഗിക നിർദേശങ്ങൾ തരാം.

1 . ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത് , മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ചു പോകണം, കാരണം എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ പരസ്പരം സഹായിക്കാൻ പറ്റുമല്ലോ (സ്വന്തം വീടിന്റെ നാശം കണ്ടു ഹൃദയ സ്തംഭനം വരെ ഉണ്ടാക്കുന്നവർ ഉണ്ട്)

2. ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാൻ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങൾ ഉണ്ടെന്നോ പറയാൻ പറ്റില്ല, കുട്ടികൾക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസികമായ ഷോക്ക് ഉണ്ടാകും. ഒഴിവാക്കണം.

3. ഒരു കാരണവശാലും രാത്രീയിൽ തിരിച്ചു വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പു മുതൽ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറി ചെല്ലുന്നത് അപായമാണ്.

4. വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം മുഴുവൻ ഒരടിയോളം കനത്തിൽ ചെളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കിൽ തുറക്കാൻ പ്രയാസപ്പെടും.

5. മതിലിന്റെ നിർമ്മാണം മിക്കവാറും നല്ല ബലത്തിൽ അല്ല. അതുകൊണ്ടു തന്നെ ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് അപകടം ഉണ്ടാക്കും. അത് സൂക്ഷിക്കണം.

6. റോഡിലോ മുറ്റത്തോ ചെളിയിൽ തെന്നി വീഴാതെ നോക്കണം. പറ്റുമെങ്കിൽ ചെളിയുടെ നിരപ്പിന് മുകളിൽ ഉള്ള ചെരുപ്പുകൾ ധരിക്കണം. വ്യക്ത്തി സുരക്ഷക്ക് വേണ്ടി ഒരു മാസ്ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കിൽ ഒരു തോർത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യിൽ കട്ടിയുള്ള കയ്യുറകൾ ഉണ്ടെങ്കിൽ നല്ലതാണ്.

7. നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങങ്ങളുടെയോ മൃതദേഹം ഉണ്ടാകാൻ വഴിയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കിൽ ഒരിക്കലൂം കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കിൽ പോലീസിനെ അറിയിക്കണം.

8. വീടിനകത്ത് കയറുന്നതിന് മുൻപ് വീടിന്റെ ഭിത്തിയിൽ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതൽ വ്യക്തമായി ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ മാർക്ക് ചെയ്തു വക്കുക. ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന വൻ പ്രളയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാലിൽ ഒക്കെ ഉണ്ടായ മാതിരി ഉള്ള ഒന്ന്. അന്നത്തെ പ്രളയം ആളുകൾ രേഖപ്പെടുത്തി വാക്കാത്തതുകൊണ്ടാണ് പ്രളയ സാധ്യത ഉള്ള പുഴ തീരങ്ങൾ ഒക്കെ ജനവാസ കേന്ദ്രം ആയത്. അത്തരം ഒരു തെറ്റ് നാം നമ്മുടെ അടുത്ത തലമുറയോട് കാണിക്കരുത്.

9. വീടിനകത്തേക്ക് കയറുന്നതിന് മുൻപ് വീടിന്റെ നാല് ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങൾ എടുത്തു വക്കണം, വെള്ളം എവിടെ എത്തി എന്ന മാർക്ക് ഉൾപ്പടെ. വീടിന്റെ ചുമരുകളും മേൽക്കൂരയും ശക്തമാണോ നാശമായിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

10. വീടിന്റെ ജനാലകൾ പുറത്തു നിന്ന് തുറക്കാൻ പറ്റുമെങ്കിൽ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞിട്ട് വേണം അകത്ത് പ്രവേശിക്കാൻ

11. വീടിനകത്തും പുറത്തും ഇഴ ജന്തുക്കളെ പ്രതീക്ഷിക്കണം. തൊണ്ണൂറ്റി ഒൻപതിൽ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ പത്തായത്തിൽ നിന്നും വരാലിനെ കിട്ടിയ കഥ കേട്ടിട്ടുണ്ട്. ഇത്തവണയും ബിരിയാണി കിട്ടിയേക്കും !

12. വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇലക്ട്രിക്കൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. ഇലക്ട്രിക്കൽ സ്ഫേറ്റിയെ പറ്റി പിന്നാലെ പറയാം. വീടിനു പുറത്തു നിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ ചെയ്യുന്നതെങ്കിൽ അല്ലെങ്കിൽ ഗ്യാസിന്റെ സിലിണ്ടർ വീട്ടിന് വെളിയിലാണെങ്കിൽ അത് ഓഫ് ചെയ്യണം.

13. വീടിന്റെ വാതിലിന്റെ ഇരുവശവും ചെളി ആയതിനാൽ തുറക്കുക ശ്രമകരം ആയിരിക്കാനാണ് വഴി, ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കിൽ അത് ഭിത്തിയെയോ മേൽക്കൂരയെയോ അസ്ഥിരപ്പെടുത്താൻ വഴിയുണ്ട്, സൂക്ഷിക്കണം.

14. വീടിനകത്ത് കയറുന്നതിന് മുൻപ് ഏതെങ്കിലും ഗ്യാസ് ലീക്ക് ഉള്ളതായി തോന്നിയാൽ വാതിൽ തുറന്നിട്ട് കുറെ കഴിഞ്ഞിട്ട് അകത്ത് കയറിയാൽ മതി.

15. നമ്മൾ അറേഞ്ച് ചെയ്തു വച്ചിട്ടുപോയ വീടായിരിക്കില്ല നമ്മൾ അകത്ത് കാണാൻ പോകുന്നത്. വള്ളത്തിൽ വസ്തുക്കൾ ഒഴുകി നടക്കും, പലതും ഫാനിന്റെ മുകളിലോ ഒക്കെ പോയി തങ്ങി നമ്മുടെ തലയിൽ വീഴാനുള്ള സാധ്യത മുന്നിൽ കാണണം.

15. ഒരു കാരണവശാലും വീടിനകത്ത് ലൈറ്റർ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകു തിരിയോ കത്തിക്കുകയും ചെയ്യരുത്.

16. വീടിനകത്തെ എല്ലാ ഇലകട്രിക്കൽ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.

17. ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കിൽ അത് കേടായിക്കാണും, വലിയ ഫ്രീസർ ആണെങ്കിൽ മത്സ്യമാംസാദികൾ അഴുകി മീഥേൻ ഗ്യാസ് ഉണ്ടാകാൻ വഴിയുണ്ട്. ഫ്രീസർ തുറക്കുമ്പോൾ ഇ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തല്ലി തെറിപ്പിച്ചസംഭവം ഉണ്ടായിട്ടുണ്ട്.

18. വീട്ടിൽ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു ഡാമേജ് ആൻഡ് ലോസ് എസ്റ്റിമേറ്റിന് സഹായിക്കും. അതിനെ പറ്റി പിന്നെ പറയാം.

19. വീട്ടിൽ ഫ്ലാഷും വെള്ള പൈപ്പും വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക.വരുന്നുണ്ടെകിൽ അതിലൂടെ വരുന്നത് ശുദ്ധജലമാണോ വരുന്നത് അതോ കലക്ക വെള്ളം ആണോ എന്ന് ശ്രദ്ധിക്കുക.

20. വീടിന്റെ അകത്തുള്ള മിക്കവാറും വസ്തുക്കൾ (ഫർണിച്ചർ, പുസ്തകങ്ങൾ, എല്ലാം ചെളിയിൽ മുങ്ങിയിരിക്കാനാണ് സാധ്യത. ഇവയുടെ ചിത്രം എടുത്തു വക്കണം.

21 വീടിന്റെ വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.

വീടിനകവും പുറവും വൃത്തിയാക്കുക എന്നതാണ് അടുത്ത കാര്യം. പക്ഷെ അക്കാര്യം ചെയ്യുന്നതിന് മുൻപ് മണ്ണ് കയറി നാശമാക്കിയ വസ്തുക്കൾ എല്ലാം എവിടെ കൊണ്ട് പോയി കളയാം എന്നതിൽ കുറച്ച് അറിവ് വേണം. ഇക്കാര്യത്തെ പറ്റി പുതിയ ലഘുലേഖ തയ്യാറാകുന്നുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker