Public Opinion

പ്രളയത്തില്‍ മുങ്ങാത്ത സത്യങ്ങള്‍

പ്രളയത്തില്‍ മുങ്ങാത്ത സത്യങ്ങള്‍

പ്രഭീഷ് ജോര്‍ജ്ജ്

കേരള മോഡല്‍ വികസനം, ഇപ്പോള്‍ പുനര്‍നിര്‍മ്മാണം…
ഇങ്ങനെ കേരളത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭരണപക്ഷം, പ്രതിപക്ഷം, ഇതുവരെയും പച്ചപിടിക്കാത്ത പക്ഷങ്ങള്‍ എന്നിങ്ങനെ വിവിധ രാഷ്ട്രീയ സംഘടനകളെയും പ്രസ്ഥാനങ്ങളുടേയും പങ്കളിത്തത്തെക്കുറിച്ച് ഘോരഘോരം വാഗ്വാദങ്ങള്‍ നടക്കുമ്പോള്‍ ഈ കേരളമോഡല്‍ മറ്റു സ്ഥലങ്ങളില്‍ എന്തുകൊണ്ട് നാളിതുവരെ ഉണ്ടായില്ല എന്നു നാം ചിന്തിക്കണം.

അതായത് ഉത്തമാ, മേല്‍പറഞ്ഞ പക്ഷങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റു സ്ഥലങ്ങളില്‍ ഇല്ലാത്തതുകൊണ്ടാണോ…. അതോ അവിടെ വികസനം വേണ്ടാത്തതുകൊണ്ടാണോ… ഇന്ത്യയില്‍ കേരളം ഉള്‍പ്പെടാത്തതുകൊണ്ടാണോ… സംശയങ്ങള്‍ കുന്നുകൂടുന്നു.
അതുകൊണ്ട് ഇനിയും കണ്ണടച്ചു ഇരുട്ടാക്കാന്‍ പറ്റാത്ത ചില സത്യങ്ങളുണ്ടെന്ന് ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങളും മാധ്യമന്യായാധിപന്മാരും മനസിലാക്കണം.

പറഞ്ഞുവരുന്നത് നൂറ്റാണ്ടുകളായി (സംസ്ഥാനം രൂപീകരിക്കുന്നതിനും മുമ്പ്, ഈ രാഷ്ട്രീയ കുമിളുകള്‍ മുളയ്ക്കുന്നതിനും മുമ്പ്) കേരളനാടിന്‍റെ പുരോഗതിയില്‍ നിര്‍ലോഭമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിതര മത-സാമുദായിക സംഘടനകളെ (NGOs – Non Government Organizations) ക്കുറിച്ചാണ്. (ഉത്തമാ, വര്‍ഗീയത, മതവികാരം എന്നീ ലേബലുകള്‍ ഇതില്‍ ഉള്‍പ്പെടില്ല)

കേരളത്തിന്‍റെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹികാവബോധ മേഖലയില്‍ നിശബ്ദം സേവനം ചെയ്യുന്ന അനേകരുണ്ടെന്നും അവരെ ആരും വിളിക്കാതെ തന്നെ ഓടിയെത്തുമെന്നും, മറ്റുള്ളവരെ സഹായിക്കാന്‍ അവര്‍ക്ക് ആരുടെയും റിലീഫ് ഫണ്ട് ആവശ്യമില്ലെന്നും, തങ്ങളുടെ സ്വന്തമായതെല്ലാം മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ നല്‍കുന്നതില്‍ യാതൊരുവിധമായ സ്വാര്‍ത്ഥതയുമില്ലെന്നും തെളിയിച്ച അനേകം വ്യക്തികളും പ്രസ്ഥാനങ്ങളും ഈ വെള്ളപൊക്കത്തില്‍ ഒലിച്ചുപോകാതെ കേരളത്തിന്‍റെ പച്ചപ്പായി നില്‍ക്കുന്നുവെന്ന് നാം കണ്ടിട്ട് മണിക്കൂറുകള്‍ അധികം കഴിഞ്ഞിട്ടില്ല.

സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് ജീവിനിലേയ്ക്ക് ചവിട്ട് കയറാനുള്ള ചവിട്ടുപടിയാക്കിയവനും, അയലത്തെ വീട്ടില്‍ വെള്ളംകയറിയപ്പോള്‍ സ്വന്തം വീട്ടിലെ രണ്ടാം നിലയിലേയ്ക്ക് എല്ലാവരേയും വിളിച്ചുചേര്‍ത്ത് ഉള്ള ഭക്ഷണം വച്ചുവിളമ്പി സംരക്ഷിച്ച വീട്ടുകാരും, അനേകരെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ചവരും, സ്വന്തം ചെലവില്‍ ബോട്ടുമായി ചെന്ന് അനേകരെ വെള്ളത്തില്‍ നിന്ന് കോരിയെടുത്ത കേരളത്തിന്‍റെ സ്വന്തം ഭടന്മാരും, ഡ്യൂട്ടി സമയം കൂടിയെ കുറഞ്ഞോ എന്ന് വാച്ചില്‍ നോക്കാതെ അവസാനത്തെ ആളെയും കോരിയെടുക്കാന്‍ ദിവസങ്ങളോളം വെള്ളത്തില്‍ സേവനം ചെയ്ത പോലീസും, സായുധസേനാംഗങ്ങളും, അഗ്നിശമനസേനാംഗങ്ങളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രകടനപത്രിക നോക്കിയല്ല, കേരളത്തെ കോരിയെടുത്തത്. മനുഷ്യത്വം നശിക്കാത്ത മനുഷ്യര്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഏറെയാണെന്ന് അവര്‍ തെളിയിച്ചു.
സ്വദേശത്തും വിദേശത്തുമുള്ള മലയാളികള്‍ ഉറക്കമിളച്ചു കാവല്‍മാലാഖമാരെ പോലെ അനേകരെ കോരിയെടുത്തത് നമുക്ക് അഭിമാനത്തോടെ മാത്രമെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. അവര്‍ക്ക് നിറമില്ലായിരുന്നു, പ്രകടനപത്രിക ഇല്ലായിരുന്നു.. നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രിയപ്പട്ടവരെ കുറിച്ചുള്ള ആശങ്കളും മാത്രം…
അതുപോലെ, കേരളത്തിനെ അങ്ങോളമിങ്ങോളമുള്ള സകലരേയും കുട്ടിച്ചേര്‍ത്ത് മനുഷ്യത്വത്തിന്‍റെ കോരുവലയില്‍ ദുരന്തബാധിതരെ കോരിയെടുക്കാന്‍ കേരളത്തിലെ ബ്യൂറോക്രസി (പ്രത്യേകിച്ച് അറിവും അനുഭവവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഉദ്യേഗസ്ഥര്‍) കാണിച്ച കര്‍മ്മകുശലത നാം മറന്നുപോകാന്‍ പാടില്ല.

സഹോദരനില്‍ ദൈവത്തെ കാണാന്‍ പഠിപ്പിക്കുക മാത്രമല്ല, അണിഞ്ഞ തൂവെള്ള വസ്ത്രത്തില്‍ ചെളിപ്പറ്റുമോയെന്ന് ആശങ്കപ്പെടാതെ ആയിരങ്ങള്‍ക്ക് രക്ഷയുടെ കരങ്ങള്‍ നീട്ടിയ അനേകം മാലാഖമാരും പുണ്യപുരുഷന്മാരും ഈ പ്രളയത്തിലും മുങ്ങാതെ നില്‍ക്കുന്നു.
ആരാധനാലയങ്ങള്‍ മന്ത്രങ്ങളും പൂജകളും മുടങ്ങാതെ നടക്കുന്ന ഇടങ്ങള്‍ മാത്രമല്ല, മനുഷ്യരെ മാറോട് ചേര്‍ക്കുന്ന ദൈവസങ്കേതങ്ങളാണെന്ന് നാം കണ്ടുകഴിഞ്ഞു.

മേല്‍പറഞ്ഞ വിഭാഗങ്ങളിലുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ ഭരണപക്ഷത്തിന്‍റേയോ പ്രതിപക്ഷത്തിന്‍റേയോ നേട്ടമെന്നോ കോട്ടമെന്നോ വാദിക്കാന്‍ വെമ്പല്‍കൊള്ളുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ കണ്ണടച്ചു ഇരുട്ടാക്കരുത്… അടുത്ത തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ മുതലെടുപ്പിന് ഈ പ്രളയത്തെ ഉപയോഗിക്കരുത്… അല്ലെങ്കില്‍ ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രളയത്തില്‍ മുങ്ങിപ്പോകുന്ന നിങ്ങളെ രക്ഷിക്കാന്‍ ആരും വരുമെന്ന് കരുതരുത്.
അതുകൊണ്ട്, ചര്‍ച്ചകളും വിചിന്തനങ്ങളും രാഷ്ട്രീയ നിറംകലര്‍ത്തി മലിനപ്പെടുത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കേരളവികസനം 1950-നു ശേഷം ശൂന്യതയില്‍ നിന്ന് ഉണ്ടായതല്ല എന്ന സത്യം നാം തിരിച്ചറിയണം. ഇത് നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ചെടുത്ത സാമൂഹികബോധവും വിജ്ഞാനവികസനവമാണെന്ന് മറന്നുപോകരുത്. അതില്‍ നിര്‍ണായക പങ്കുവഹിച്ചത് സാമൂഹി-സാമുദായിക-മത നേതാക്കന്മാരുടെ ദര്‍ശനങ്ങളും ധീരമായ ചുവടുവയ്പ്പുകളുമായിരുന്ന് എന്ന് വിപ്ലവത്തിന്‍റ കൊടിപിടിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഓര്‍ത്തിരിക്കണം. സ്നേഹം, നീതി, സാമൂഹിക പ്രതിബദ്ധത, പഞ്ചായത്തു ഓഫീസുകളില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പകര്‍ന്നു നല്‍കിയ ഒന്നല്ല. മറിച്ച്, സാമുദായിക കൂട്ടായ്മകളിലും ആത്മീകസംഗമങ്ങളിലും നിരന്തരം ഓര്‍മപ്പെടുത്തി സാധാരണകാരന്‍റെ മനസില്‍ രൂഢമൂലമാക്കിയത് ഇത്തരം നേതാക്കന്മാരായിരുന്നു.

ദൈവചിന്തയോടൊപ്പം, മാനുഷികമൂല്യങ്ങളിലും സാമൂഹികബോധത്തിലും കേരളജനതയെ പരിശീലിപ്പിച്ചത് അവരായിരുന്നു. അങ്ങനെ മനുഷ്യമനസില്‍ ഇത്തരം മൂല്യങ്ങള്‍ പാകിയതുകൊണ്ടാണ് കേരളത്തിലെ ആധുനികാലത്തെ പലവിപ്ലവങ്ങളും ഉദ്ദേശിച്ചഫലം കൊയ്യാനായതെന്ന സത്യം വിപ്ലവനേതാക്കന്മാര്‍ മറക്കരുത്. അല്ലായിരുന്നെങ്കില്‍ ആദ്യത്തെ ചോദ്യത്തിന്‍റെ (കേരള മോഡല്‍ മറ്റിടങ്ങളില്‍ ഉണ്ടാകാത്തതെന്തുകൊണ്ട്) പ്രസക്തി നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് സര്‍ക്കാരിതര സംഘടനകളുടെ പ്രസക്തി കുറച്ചുകാണാന്‍ ശ്രമിക്കുന്ന നിരീശ്വരവാദികളും, മാനവികതയുടെ വക്താക്കളും ഓട്ടകലത്തില്‍ വെള്ളം കോരുന്നവരായി മാറരുത്.

ഇന്ന് കേരളപുനര്‍ നിര്‍മ്മാണത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്… എന്നാല്‍ ചരിത്രപരവും സാമൂഹികവുമായ കേരളവികസനത്തിന് പിന്‍ബലമേകിയ സര്‍ക്കാരിതര വിഭാഗത്തില്‍ പെടുന്ന പ്രസ്ഥാനങ്ങളുടേയും സാമുദായിക വിഭാഗങ്ങളുടെയും പങ്കാളിത്വത്തെ നാം വിസ്മരിച്ചുകൊണ്ടാകരുത് അത്തരം ചര്‍ച്ചകള്‍.. അവര്‍ കേരളത്തെ പടുത്തുയര്‍ത്തിയത് ടാക്സ് പിരിച്ചോ, ബക്കറ്റ് പിരിവ് നടത്തിയോ അല്ല മറിച്ച് അവര്‍ക്ക് സ്വാധീനമുള്ള സമൂഹാംഗങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടാണ്. തങ്ങളുടെ വരുമാനത്തില്‍ ഒരുഭാഗം നീക്കിവച്ച് മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്താന്‍ അവര്‍കാണിച്ച് വിശാല ദര്‍ശനം കേരളവികസന മോഡലിന്‍റെ നട്ടെല്ലാണ് എന്നു നാം അംഗീകരിക്കണം.

അല്ലാതെ, തെരഞ്ഞെടുക്കപ്പെട്ടു എന്ന ഒറ്റകാരണത്തില്‍ ശമ്പളവും കിമ്പളവും വാങ്ങി കുടുംബത്തെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും കീശവീര്‍പ്പിക്കുന്ന ജനസേവകര്‍ (നിസ്വാര്‍ദ്ധ സേവനം ചെയ്യുന്ന രാഷ്ട്രീയ നേതാക്കന്മാരെ ഉള്‍പ്പെടുത്തിയിട്ടില്ല) നേതൃത്വം നല്‍കുന്ന പുനര്‍ നിര്‍മ്മാണം മറ്റൊരു രാഷ്ട്രീയ പ്രകടനപത്രികയായി ചുരുങ്ങുമോയെന്ന സാധാരണകാരന്‍റെ ആശങ്ക അസ്ഥാനത്തല്ല.

അടുത്ത ഒരു പൊതു തെരഞ്ഞെടുപ്പിനു മുന്പ് പൂര്‍ത്തിയാകുന്ന കേരള പുനര്‍നിര്‍മ്മാണം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് പുനര്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കേണ്ടത് രാഷ്ട്രീയ നിറംകൊണ്ട് ഭരണം നയിക്കുന്ന മേലാളന്മാരാകരുത് എന്ന് സാധാരണക്കാര്‍ ആഗ്രഹിക്കുന്നു.

കേരളവികസനം വെറുമൊരു പ്രോജക്ട് അല്ല, മറിച്ച് ഒരു ജനതയുടെ സാമൂഹിക-സാംസ്ക്കാരിക-വിദ്യാഭ്യാസ-സാമ്പത്തിക ഉന്നതിയാണ്.
ചുവപ്പുനാടയില്‍ കുരുങ്ങാത്ത, രാഷ്ട്രീയ ഫണ്ട് നല്‍കേണ്ടതില്ലാത്ത, അഴിമതിക്ക് വശംവദരാകാത്ത, വികസനം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള സമര്‍പ്പണബുദ്ധ്യാ പരിശ്രമിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉള്‍കൊള്ളുന്ന ഒരു കേരളവികസനപോരാളി സംഘത്തെ രൂപീകരിക്കാന്‍ രൂപീകരിക്കാനുള്ള ആര്‍ജ്ജവത്വം ഇപ്പോഴത്തെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പക്ഷംകിട്ടാന്‍ നോക്കിയിരിക്കുന്നവര്‍ക്കും സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. (ഉത്തമാ, ശമ്പളം വാങ്ങുന്ന രാഷ്ട്രീയ-ജനസേവകരെ ഒഴിവാക്കിയാല്‍ നന്നായിരിക്കും എന്നാണ് എന്‍റെ ഒരു ഇത്.)

NB:- ഒരു സംസ്ഥാനം അവിടുത്തെ രാഷ്ട്രീയ ഭരണനേതൃത്വത്തിന് തീറെഴുതിക്കൊടുത്ത സമൂഹമല്ല എന്ന് എല്ലാവരും ഓര്‍ക്കണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker