Sunday Homilies

നിയമത്തിൽ നിന്ന് ഹൃദയത്തിലേയ്ക്കുള്ള ദൂരം

നിയമത്തിൽ നിന്ന് ഹൃദയത്തിലേയ്ക്കുള്ള ദൂരം

ആണ്ടുവട്ടം ഇരുപത്തിരണ്ടാം ഞായർ

ഒന്നാം വായന: നിയമാവർത്തനം 4:1-2.6-8
രണ്ടാം വായന: വി. യാക്കോബ് 1:17 -18.21-22.27
സുവിശേഷം: വി.മാർക്കോസ് 7:1-8.14-15.21-23

ദിവ്യബലിയ്ക്ക് ആമുഖം

ദൈവതിരുമുമ്പിൽ നമ്മെ ശുദ്ധരാക്കി ദൈവാനുഗ്രഹത്തിന് നമ്മെ യോഗ്യരാക്കുന്നതെന്താണ്? തീർച്ചയായും അത് ദൈവകല്പനകളും, നിയമങ്ങളും പാലിക്കുന്നയെന്നതാണ്. എന്നാൽ ഈ ആത്മീയ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനം വെറും ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിലല്ല മറിച്ച് മനുഷ്യ ഹൃദയത്തിന് ദൈവത്തോടുള്ള ബന്ധമാണന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. ദൈവവചനം ശ്രവിക്കുവാനും യേശുവിന്റെ ശരീര രക്തങ്ങൾ സ്വീകരിക്കുവാനുമായി നമുക്ക് നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിക്കാം.

ദൈവവചനപ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

പഴയ നിയമത്തിലെ നിയമങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും അതേ നിയമങ്ങളെയും ആചാരങ്ങളെയും യേശു എങ്ങനെയാണ് പുന:ർവ്യാഖ്യാനം ചെയ്യുന്നതെന്നും ഇന്നത്തെ വായനകളിലും സുവിശേഷത്തിലും ശ്രവിച്ചു. ഈ തിരുവചനങ്ങൾ നൽകുന്ന സന്ദേശം മനസ്സിലാക്കുന്നതിനായി ഇതിന്റെ ചരിത്രപശ്ചാത്തലം നമുക്ക് പരിശോധിക്കാം.

മറ്റ് ജനതകളുടെ മുമ്പിൽ യഹൂദ ജനത്തിന് മഹത്വവും അഭിമാനവും ശ്രേഷ്ഠതയും നല്കുന്നതാണ് ദൈവം അവർക്ക് നല്കിയ ചട്ടങ്ങളും കല്പനകളും. ഈ കല്പനകളുടെ അനുസരണം യഹൂദരുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി തീർന്നു. പരിശുദ്ധമായ ജീവിതത്തിന്റെയും, ദൈവവുമായുള്ള കൂട്ടായ്മയുടെ അടിസ്ഥാനവും ഈ കല്പനകളായിരുന്നു. പിൽക്കാലത്ത് പത്ത് കല്പനകൾക്ക്പുറമെ അറുനൂറ്റി പതിമൂന്നോളം ചട്ടങ്ങളും നിർദ്ദേശങ്ങളും യഹൂദവിശ്വാസ ജീവിതത്തിൽ നിറഞ്ഞ് നിന്നിരുന്നു. ശരീരശുദ്ധിയും, ഭക്ഷണവും, ക്ഷാളനവുമായി ബന്ധപ്പെട്ടവ ഇതിൽ പ്രധാനങ്ങളായിരുന്നു. അതുകൊണ്ടാണ് യേശുവിന്റെ ശിഷ്യമാർ കൈകഴുകി ശുദ്ധി വരുത്താതെ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ അതിനെ ഏറ്റവും ഗൗരവമുള്ള നിയമലംഘനമായി കണ്ട് നിയമങ്ങളെ അക്ഷരാർത്ഥത്തിൽ അനുസരിക്കുന്ന നിയമജ്ഞരും ഫരിസേയരും യേശുവിനെയും ശിഷ്യന്മാരെയും വിമർശിക്കുന്നത്. അവരുടെ വിമർശനങ്ങൾക്ക് എശയ്യാ പ്രവാചകന്റെ വാക്കുകൾ കൊണ്ട് യേശു മറുപടി നൽകുന്നു. വിശ്വാസമെന്നത് വെറും അധരവ്യായാമമല്ല മറിച്ച് ഹൃദയത്തിൽ ദൈവവുമായിട്ടുള്ള ബന്ധമാണ് എന്ന് യേശു നിഷ്കർഷിക്കുന്നു.

വി.മാർക്കോസ് സുവിശേഷമെഴുതിയ കാലഘട്ടം പിശോധിക്കുമ്പോൾ (എ.ഡി.70) ഈ സുവിശേഷത്തിന് ചരിത്രപരമായ മറ്റൊരു സവിശേഷതയുണ്ട്.
യഹൂദർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചപ്പോൾ യഹൂദമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും (ഉദാ:പരിശ്ചേദനം) ആദിമ ക്രൈസ്തവ സമൂഹത്തിലും പിൻതുടരുവാൻ താത്പര്യം കാണിച്ചു. എന്നാൽ അതേ കാലഘട്ടത്ത് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യഹൂദരല്ലാത്ത മറ്റ് വിഭാഗങ്ങൾക്ക് പ്രത്യേകിച്ച് ഗ്രീക്കുകാർക്ക്, യഹൂദരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും, നിയമങ്ങളും അക്ഷരംപ്രതി അനുസരിക്കുന്നത് സ്വഭാവികമായും ബുദ്ധിമുട്ടായി മാറി. അവിടെയാണ് തന്നിൽ വിശ്വസിക്കുന്ന സകലരെയും കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ വി.മാർക്കോസ് രചിക്കുന്നത്. ബാഹ്യമായ ആചാരങ്ങളൊ അനുഷ്ഠാനങ്ങളൊ, ചട്ടങ്ങളൊ, നിയമങ്ങളൊ അല്ല ഒരുവനെ ദൈവതിരുമുമ്പിൽ ശുദ്ധനും അശുദ്ധനുമാക്കുന്നത് മറിച്ച് അവന്റെ ഹൃദയത്തിൽ നിന്ന് ഉദ്ഭവിക്കുന്നവയാണ്. അതോടൊപ്പം യേശു ഓരോ പാപങ്ങളുടെയും പേരെടുത്ത് പറയുന്നു. (വി.മാർക്കോസ് 7:21-22)

“ഹൃദയം” എന്നത് കൊണ്ട് ശരീരത്തിലെ സുപ്രധാനമായ ഒരവയവം എന്നതിലുപരി ഒരുവന്റെ ചിന്തയും, ബുദ്ധിയും, ബോധമനസ്സും, ഉപബോധമനസ്സും ഉൾപ്പെടുന്ന ആന്തരിക വ്യക്തിത്വത്തെയാണ് യേശു സൂചിപ്പിക്കുന്നത്. അത് കൊണ്ടാണ് സ്നേഹത്തെ സൂചിപ്പിക്കാൻ എപ്പോഴും ഹൃദയത്തിന്റെ ചിത്രം ഉപയോഗിക്കുന്നത്.

ആധുനിക മന:ശാസ്ത്രത്തിന്റെ ഏതളവുകോൽ വച്ചളന്നാലും രണ്ടായിരം വർഷം മുൻപ് യേശു പറഞ്ഞത് അക്ഷരം പ്രതി ശരിയാണന്ന് നമുക്കെല്ലാവർക്കുമറിയാം. ഒരു മനുഷ്യൻ ഏതു രാജ്യക്കാരനായാലും, പ്രായക്കാരനായാലും, ഏതു സംസ്കാരത്തിൽ നിന്ന് വരുന്നവനായാലും ഈ ഘടകങ്ങളൊന്നും അവനെ ദൈവതിരുമുമ്പിൽ അശുദ്ധനാകുന്നില്ല മറിച്ച് അവന്റെ ഹൃദയത്തിൽ നിന്ന് എന്ത് വരുന്നു എന്നുള്ളളതാണ് പ്രധാനം. ക്രൈസ്തവ വിശ്വാസം വ്യത്യസ്ത ജനതകളിലേയ്ക്കും, സംസ്കാരങ്ങളിലേയ്ക്കും പടരുമ്പോൾ ബാഹ്യമായ ഘടകങ്ങളെക്കാളും മനുഷ്യഹൃദയത്തിന് പ്രാധാന്യം നല്കുന്ന യേശുവിന്റെ വചസ്സുകൾ ഏറെ പ്രാധാന്യമുള്ളവയാണ്.

സുവിശേഷത്തിന്റെ വെളിച്ചത്തിൽ നമുക്കും നമ്മുടെ ജീവിതം ആത്മപരിശോധനയ്ക്ക് വിധേയമാക്കാം. നമ്മുടെ വിശ്വാസം ആചാരങ്ങളിലും നിയമങ്ങളിലും മാത്രമൊതുങ്ങുന്ന വെറും ”മതാത്മകതയാണോ?” അതോ ഹൃദയത്തിൽ നിന്നുയരുന്ന ആത്മീയതയാണോ? നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്ത് കൊണ്ടാണ് മറ്റുമതങ്ങളിൽ വിശ്വാസികൾ ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ശരീരശുദ്ധി വളരെ പ്രധാനപ്പെട്ടതായി കാണുന്നത്. ഉദാഹരണമായി ചിലർ നിർബന്ധമായും കുളിക്കുന്നു, മറ്റു ചിലർ നിർബന്ധമായും കരങ്ങളും പാദങ്ങളും ക്ഷാളനം ചെയ്യുന്നു. എന്നാൽ നമുക്ക് (തിർത്ഥ ജലമുപയോഗിച്ചുള്ള കുരിശ് വരയ്ക്കൽ ഒഴികെ) അത്തരത്തിലുള്ള നിർബന്ധമായ ശരീരശുദ്ധീകരണ കർമ്മമൊന്നും ഇല്ലാത്തതെന്തുകൊണ്ടാണന്ന്?

കാരണം, നാം ദേവാലയത്തിൽ വരുമ്പോൾ ദൈവം നോക്കുന്നത് നമ്മുടെ ശരീരശുദ്ധിയും, പുറംമോടിയും, വസ്ത്രവുമല്ല മറിച്ച് “ഹൃദയപരിശുദ്ധിയാണ്”. നമുക്കു പ്രധാനം ശരീരശുദ്ധിയെക്കാളേറെ ഹൃദയവിശുദ്ധിയാണ്. അതിനാൽ, ഹൃദയത്തെ വിശുദ്ധീകരിക്കാനാണ് വിശുദ്ധ കുമ്പസാരവും, ദിവ്യബലിയുടെ ആരംഭത്തിലുള്ള അനുതാപ കർമ്മവും തിരുസഭയിലുള്ളത്. യേശുവിന്റെ വചനങ്ങളെ പിന്തുടർന്ന്, നമുക്കും നമ്മുടെ ഹൃദയങ്ങളെ വിശുദ്ധമാക്കാം.

ആമേൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker