Kerala

തിരുവനന്തപുരം അതിരൂപതയിൽ പൂന്തുറമുതൽ അഞ്ചുതെങ്ങുവരെ ഓഖി ദുരന്തത്തിന്റെ പ്രഥമവാർഷികാചരണം നടത്തി

തിരുവനന്തപുരം അതിരൂപതയിൽ പൂന്തുറമുതൽ അഞ്ചുതെങ്ങുവരെ ഓഖി ദുരന്തത്തിന്റെ പ്രഥമവാർഷികാചരണം നടത്തി

ഫാ.ജിബു ജെ.ജാജിൻ & ബ്ലെസ്സൺ മാത്യു

തിരുവനന്തപുരം: നവംബർ 29 കേരളത്തിനും ഏറെ പ്രത്യേകിച്ച് തീരദേശത്തിനും ഒരിക്കലും മറക്കാൻ പറ്റാത്ത ദിനമായിരുന്നു. ഓഖി ദുരന്തത്തിന്റെ പ്രഥമവാർഷിക ദിനമായ ഇന്നലെ തിരുവനന്തപുരം അതിരൂപതയിൽ പൂന്തുറമുതൽ അഞ്ചുതെങ്ങുവരെ പ്രത്യേക പ്രാർത്ഥനകൾ നടന്നു.

ഓഖി ദുരന്തത്തിൽ മരണപ്പെട്ടവരെയും കാണാതായവരെയും ഓർത്തു പ്രാർത്ഥിച്ചും, ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്‌ടമായ കുടുംബാംഗങ്ങളെ ശക്തിപ്പെടുത്തിയുമായിരുന്നു പ്രഥമവാർഷികാചരണം. ആകാശത്തേയ്ക്ക് കത്തിച്ച ദീപങ്ങളയച്ചും, മെഴുകുതിരികൾ കൈകളിലേന്തിയും, സ്മൃതി ദീപം തെളിച്ചുമൊക്കെയായിരുന്നു തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരെ ഓർത്തത്.

പൂന്തുറ
പൂന്തുറയിൽ നടന്ന വാർഷികാചരണത്തിൽ അതിരൂപതാ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് നേതൃത്വം നൽകി. സഹായമെത്രാൻ മരണപ്പെട്ടവരെയും കാണാതായവരെയും ഓർത്തു പ്രാർത്ഥിക്കുകയും, കടലിനെ ആശീര്വദിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. പൂന്തുറ വികാരി ഫാ.ബെബിൻസണും, സഹവികാരിയും സഹകാർമികരായി. ആകാശത്തേയ്ക്ക് കത്തിച്ച ദീപങ്ങളയച്ചും, മെഴുകുതിരികൾ കൈകളിലേന്തിയും തങ്ങളെ വിട്ടുപോയവരോടുള്ള ഓർമ്മയിലായിരുന്നു പൂന്തുറ നിവാസികൾ. പൂന്തുറയിൽ നിന്ന് 35 പേരെയാണ് ഓഖി ദുരന്തത്തിൽ നഷ്‌ടമായത്‌.

വലിയതുറ
വലിയതുറയിൽ ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകിയത് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യമായിരുന്നു. വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓഖി അനുസ്മരണ പ്രാര്‍ത്ഥനകള്‍ക്കായി എത്തിയത് നൂറുകണക്കിനാളുകള്‍. കത്തിച്ച മെഴുതിരികളും കൈകളിലേന്തി കടലിലേക്കു നോക്കി ജപമാല ചൊല്ലി കൊണ്ട് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിച്ചു. ഓഖി അനുസ്മരണം ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നതിനുള്ള അവസരമാണ് തരുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിച്ചു.

വിഴിഞ്ഞം
ഓഖി ദുരന്തത്തിൽ മരണമടഞ്ഞ വിഴിഞ്ഞം ഇടവകയിലെ പ്രിയപ്പെട്ടവർക്കായി അനുസ്മരണ ദിവ്യബലി നവംബർ 29 വൈകിട്ട് 5 ന് പഴയ പള്ളിയിൽ മോൺസിഞ്ഞോർ യൂജിൻ എച്ച്. പെരേരയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. മലങ്കര കത്തോലിക്കാ സഭാതലവൻ മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി.
തുടർന്ന്, വിഴിഞ്ഞം ഇടവകയുടെ ആഭിമുഖ്യത്തിൽ ഓഖിസ്മൃതി ദീപം തെളിക്കൽ ചടങ്ങു നടന്നു. യാത്രാമൊഴിചൊല്ലിയ 37 പേരുടെ സ്നേഹ സ്മരണയ്ക്കായി അവരുടെ 37 ബന്ധുക്കൾ സ്മൃതി ദീപം തെളിച്ചു. ചടങ്ങുകൾക്ക് ഇടവക വികാരി ഫാ.ജസ്റ്റിൻ ജൂഡിനും, സഹവികാരിമാരായ ഫാ.സനീഷ്, ഫാ.പ്രശാന്ത്, ഫാ.തദേവൂസ്, ഇടവക കൗൺസിലംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

തുമ്പ
തുമ്പയിൽ നടന്ന ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനകൾക്ക് ഇടവക വികാരി ഫാ.റോഡ്രിഗസിന്റെ നേതൃത്വത്തിൽ നടന്നു, ഫാ.പോൾ എസ്‌, ഫാ.ഏൽക്കിൻ തുടങ്ങിയവർ സഹകാർമ്മികരായി. ദിവ്യബലിക് ശേഷം പ്രദിക്ഷിണമായി കടപ്പുറത്തേയ്ക്കുപോവുകയും അവിടെ വച്ച് കടലിൽ നഷ്‌ടപ്പെട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും, കത്തിച്ച മെഴുകുതിരികളും പിടിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

അഞ്ചുതെങ്ങ്
അഞ്ചുതെങ്ങ് ഫെറോനയിൽ ഓഖി ദുരന്തത്തിന്റെ പ്രഥമ വാർഷികത്തോടനുബന്ധിച്ച് വികാരി ഫാ.ബാസ്‌ക്കർ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനകൾ നടന്നത്. താഴംപള്ളി മുതൽ മാമ്പള്ളി വരെ മനുഷ്യച്ചങ്ങല തീർത്ത് ജപമാല പ്രാർത്ഥന ചൊല്ലിയാണ് അഞ്ചുതെങ്ങ് ഫെറോനയിലെ വിശ്വാസികൾ ഓഖി ദുരന്താനുസ്മരണം നടത്തിയത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker