Public Opinion

സ്വിസ് ഗാർഡിൻറെ മുമ്പിൽ കുറുമ്പു കാണിച്ച് പാപ്പയുടെ വേദി കൈയ്യടക്കിയ മൂകബാലനും അൾത്താരയുടെ മുൻപിൽ നിൽക്കുന്ന നമ്മുടെ കുഞ്ഞുങ്ങളും

സ്വിസ് ഗാർഡിൻറെ മുമ്പിൽ കുറുമ്പു കാണിച്ച് പാപ്പയുടെ വേദി കൈയ്യടക്കിയ മൂകബാലനും അൾത്താരയുടെ മുൻപിൽ നിൽക്കുന്ന നമ്മുടെ കുഞ്ഞുങ്ങളും

ജോസ് മാർട്ടിൻ

കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന ഫ്രാൻസിസ് പാപ്പയുടെ പതിവ് കൂടിക്കാഴ്ച്ചയ്ക്കിടയിൽ സംസാരശേഷിയില്ലാത്ത ഒരു അർജെന്റിനബാലൻ പാപ്പായുടെ ഇരിപ്പിടത്തിലേയ്ക്ക് ഓടി കയറി സ്വിസ് ഗാർഡിന്റെ പക്കൽ കുസൃതി കാണിച്ച കുഞ്ഞിനെ പാപ്പാ സ്നേഹപൂർവ്വം ആലിഗംനം ചെയ്ത ശേഷം, ആ ബാലനെ തന്റെ കുസൃതി തുടരുവാൻ അനുവദിച്ചു.ഒരുവേള ആ കുഞ്ഞിന്റെ കുഞ്ഞിപെങ്ങളും അമ്മയും അവനെ തിരികെ കൂട്ടികൊണ്ട് പോകാനായ് ചെന്നെങ്കിലും അവൻ കൂടെ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന്, പാപ്പാ വിശ്വാസികളോട് പറഞ്ഞു; ‘ഈ കുഞ്ഞിന് സംസാരിയ്ക്കാൻ കഴിയില്ല പക്ഷെ അവന് ആശയവിനിമയം നടത്താൻ സാധിക്കും. എന്റെ മനസ്സിലേയ്ക്ക് പെട്ടെന്ന് കടന്നു വന്ന ഒരു ചിന്തയിതാണ്, അല്പം അച്ചടക്കമില്ലാത്ത സ്വാതന്ത്യം ആയാലും ഈ കുഞ്ഞ് സ്വതന്ത്രനാണ്. ഞാൻ ഇപ്പോൾ ചിന്തിച്ചത് ഞാനും ഇതുപോലെ ദൈവതിരുമുമ്പിൽ സ്വതന്ത്ര്യൻ ആണോ? ഒരിയ്ക്കൽ ഈശോ തന്റെ ശിഷ്യൻമാരോട് പറഞ്ഞതുപോലെ നിങ്ങൾ ഈ ശിശുവിനെപ്പോലെ ആകുവിൻ എന്നത്തിന്റെ അർഥം ഒരു കുഞ്ഞിനെപ്പോലെ തന്റെ പിതാവിന്റെ മുന്നിലുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് നാം ഓരോരുത്തരും എത്തേണ്ടിയിരിയ്ക്കുന്നു എന്നാണ്. ഇപ്പോൾ ഈ കുഞ്ഞിലൂടെ നാം ഓരോരുത്തർക്കുമായ് വലിയ ഒരു സന്ദേശം ലഭിച്ചിരിയ്ക്കുന്നു എന്നാണ് ഞാൻ വിശ്വസിയ്ക്കുന്നത്. ഈ കുഞ്ഞിന് സംസാരിയ്ക്കാനുള്ള കൃപയ്ക്കായ് നമ്മുക്ക് പ്രാർത്ഥിക്കാം’.

അവന്‍റെ കുറുമ്പും കളികളും ആസ്വദിച്ച പാപ്പ അവനെ ആശീർവദിച്ചു. ഫ്രാൻസിസ് പാപ്പയുടെ വേദിയിൽ കുറുമ്പ് കാണിച്ച മൂക ബാലനെ ചൂണ്ടിക്കാട്ടി പാപ്പ ഈ ശിശുവിനെ പോലെ ദൈവതിരുമുമ്പിൽ സ്വാതന്ത്ര്യം അനുഭവിക്കുവാൻ പാപ്പാ പഠിപ്പിക്കുന്നു.

നമ്മുടെ പള്ളികളിലേയും സ്ഥിരം കാഴ്ചയാണ് മാതാപിതാക്കള്‍ കൊച്ചുകുട്ടികളെയും കൊണ്ട് പള്ളിയില്‍ വരുന്നു, വിശുദ്ധ കുര്‍ബാനയുടെ സമയത്ത് അവര്‍ ഓടികളിക്കുന്നു, മാതാപിതാക്കള്‍ പിറകെ ഓടുന്നു. ഇതിലും പരിതാപകരമായ അവസ്ഥയാണ് സണ്‍‌ഡേ സ്കൂള്‍കുട്ടികള്‍ക്കായുള്ള കുര്‍ബാനയില്‍ പങ്കെടുത്താല്‍ മുന്‍നിരയില്‍ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍. വിശുദ്ധ കുര്‍ബാന എന്താണെന്നു പോലും മനസിലാക്കാന്‍ കഴിയാത്ത പ്രായം അച്ചന്‍മാരും മതാധ്യാപകരും അവരെ ശാസിക്കുന്നതും, ഒരിക്കല്‍ ബലി അര്‍പ്പിക്കുന്ന അച്ചന്‍ തന്നെ ഇറങ്ങി വന്നു അവരെ ശാസിക്കുന്നതും കണ്ടു.

നമ്മുടെ മതബോധന ക്ലാസുകളിൽ ആരാധനാ ക്രമം എന്താണ്? വിശുദ്ധ കുര്‍ബാന എന്ത്, അവിടെ നടക്കുന്നത് എന്താണ്? തുടങ്ങിയ കാര്യങ്ങൾ, കാര്യപ്രസക്തിയോടുകൂടി പഠിപ്പിക്കുന്നുണ്ടോ എന്ന് സംശയം തോന്നിപ്പോകും പലപ്പോഴും. ഒരിക്കല്‍, എട്ടാം ക്ലാസ്സില്‍ വേദപാഠം പഠിക്കുന്ന ഒരു കുട്ടിയോട് ചോദിച്ചു ‘നിങ്ങള്‍ പരസ്പരം സമാധാനം ആശംസിക്കുക എന്ന് പുരോഹിതന്‍ പറയുമ്പോള്‍, നിങ്ങള്‍ പരസ്പരം എന്താണ് പറയുന്നത്?’ കുട്ടിയുടെ ഉത്തരം ഇങ്ങനെ: ‘ഇശോമിശിഹാക്കും സ്തുതി ആയിരിക്കട്ടെ’ എന്ന്. ഇതാണ് മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ അവസ്ഥ. വിശുദ്ധ കുര്‍ബാനയുടെ ഓരോ ഭാഗങ്ങളും മൂന്നാം ക്ലാസ്സ്‌ മുതല്‍ എങ്കിലും വിശദമായി പഠിപ്പിച്ചു കൊടുക്കണം, വേണ്ടിവന്നാൽ പള്ളിയിൽ വ്യക്തമായ പരിശീലനത്തോടുകൂടി തന്നെ പഠിപ്പിക്കണം. അല്ലാതെ, ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളെ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് പട്ടാള ചിട്ട പഠിപ്പിക്കുന്നതിൽ എന്താണ് അർഥം. പാപ്പാ നൽകുന്ന സന്ദേശം പോലെ, കൊച്ചു കുട്ടികള്‍ നിഷ്കളങ്ങമായി കാട്ടുന്ന കൊച്ചു കൊച്ചു കുറുമ്പ്കള്‍ തമ്പുരാന് നമ്മുടെ പ്രാര്‍ത്ഥനകളെക്കാള്‍ ഏറെ പ്രീതി ജനകമായിരിക്കുമെന്നത് മറന്നുകൂടാ.

വിശുദ്ധ ഫ്രാന്‍സ്സീസ് അസ്സിസിയുടെ ആശ്രമത്തില്‍ നടന്ന ഒരു സംഭവം ഓര്‍മവരുന്നു രണ്ടു തെരുവ് സര്‍ക്കസ്കാര്‍ ആശ്രമത്തില്‍ വന്നു തമ്പടിക്കുന്നു രാത്രി ലിയോ ബ്രദര്‍ വന്നു നോക്കുമ്പോള്‍ കാണുന്നത് ചാപ്പലില്‍ സക്രാരിയുടെ മുന്‍പില്‍ നിന്നു കോമാളിത്തരങ്ങള്‍ കാണിക്കുന്നവരെയാണ്. ദേഷ്യത്തോടെ ഫ്രാന്‍സ്സീസ് അസ്സിസിയെ വിളിച്ചു കാണിക്കുന്നു. വിശുദ്ധ ഫ്രാന്‍സ്സീസ് അവരോടു നിങ്ങള്‍ എന്താണ് ചെയുന്നത് എന്ന് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ‘ഞങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അറിയില്ല, ഞങ്ങള്‍ക്ക് അറിയാവുന്ന കോമാളിതരങ്ങള്‍ കാട്ടി ദൈവത്തെ സന്തോഷിപ്പിക്കുകയാണ്’.

തന്റെ വേദിയിൽ കുറുമ്പ് കാണിച്ച മൂക ബാലനെ ചൂണ്ടിക്കാട്ടി ‘ഈ ശിശുവിനെ പോലെ ദൈവതിരുമുമ്പിൽ സ്വാതന്ത്ര്യം അനുഭവിക്കുവാൻ’ പാപ്പാ പഠിപ്പിക്കുന്നതിന്റെ അർഥം നന്നായി ഗ്രഹിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker