Daily Reflection

ഉപവാസം; ദൈവാനുഭവത്തിൽ വളരാൻ

ദൈവാനുഭവത്തിൽ വളരാൻ "ഉപവാസം" എന്ന മാർഗം

നിത്യജീവന് മുൻഗണന നൽകണമെന്നും നിത്യജീവൻ നേടിയെടുക്കാൻ ദൈവത്തോട് ചേർന്ന് നിൽക്കണമെന്നും ഇന്നലെ വചനഭാഗം നമ്മെ ഉദ്‌ബോധിപ്പിച്ചുവെങ്കിൽ; ഇന്ന്, ദൈവാനുഭവത്തിൽ വളരാൻ “ഉപവാസം” എന്ന മാർഗം മുന്നോട്ടുവയ്ക്കുന്നു. ഉപവാസത്തിന്റെ യഥാർത്ഥമായ അർത്ഥം എന്തെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷം വ്യക്തമാക്കുന്നു. യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തുകൊണ്ടെന്ന് യോഹന്നാന്റെ ശിഷ്യന്മാർ ചോദിക്കുമ്പോൾ യേശു പറയുന്നു: “മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്കു ദുഃഖമാചരിക്കാനാവുമോ? മണവാളൻ അവരിൽനിന്നു അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും” (മത്തായി 9:15 ).

യേശുവിന്റെ മറുപടിയിൽ ഉപയോഗിക്കുന്നതു മണവാളന്റെയും മണവറത്തോഴരുടെയും സാദൃശ്യം ആണ്. ഈ സാദൃശ്യം വഴി യേശു തന്നെത്തന്നെ ദൈവമായി വെളിപ്പെടുത്തുന്നു. കാരണം, ഹോസിയ പ്രവാചകന്റെ പുസ്തകത്തിൽ രണ്ടാം അധ്യായത്തിൽ ദൈവമായ കർത്താവ് തന്നെ ഭർത്താവായും ഇസ്രയേലിനെ ഭാര്യയായും ചിത്രീകരിക്കുന്നുണ്ട്: “കർത്താവ് അരുളിച്ചെയ്യുന്നു, അന്ന് നീ എന്നെ പ്രിയതമൻ എന്ന് വിളിക്കും… എന്നേക്കുമായി നിന്നെ ഞാൻ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാൻ സ്വീകരിക്കും. വിശ്വസ്തതയിൽ നിന്നെ ഞാൻ സ്വന്തമാക്കും; കർത്താവിനെ നീ അറിയും” (ഹോസിയ 2: 16,19 -20 ). യോഹന്നാന്റെ ശിഷ്യർക്കുള്ള മറുപടിയിൽ ഈശോ ഉപയോഗിക്കുന്നതും ഇതേ സാദൃശ്യം തന്നെയാണ്. തന്നെ ദൈവമായും തന്നിൽ വിശ്വസിക്കുന്നവരുടെ സമൂഹത്തെ പുതിയ ഇസ്രായേലായും യേശു ചിത്രീകരിക്കുന്നു.

ഫരിസേയരും, യോഹന്നാന്റെ ശിഷ്യരും, ദൈവം രക്ഷകനെ അയച്ച് ഇസ്രയേലിനെ പുനഃരുദ്ധരിക്കുന്ന ദിവസത്തിനായി, കണ്ണീരോടും വിലാപത്തോടും കൂടെ ഉപവസിച്ചു കാത്തിരിക്കുകയായിരുന്നു. തന്റെ വരവോടെ ആ ദിനം വന്നു ചേർന്നു എന്ന് യേശു പ്രഖ്യാപിക്കുകയാണ്. ‘ഇങ്ങനെ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന്റെ അവസരത്തിൽ എങ്ങനെ തന്റെ ശിഷ്യർക്ക് ദുഃഖമാചരിച്ചു ഉപവസിക്കാനാകും’ എന്നാണ് യേശു അർത്ഥമാക്കുന്നത്. എന്നാൽ, തന്റെ ശിഷ്യർ ഉപവസിക്കുന്ന ദിവസങ്ങൾ വരുന്നു. മണവാളൻ അവരിൽ നിന്ന് എടുക്കപ്പെടുന്ന ദിവങ്ങളാണവ. ഈ ദിവസങ്ങളെ, ആദിമ സഭ മനസ്സിലാക്കിയത് യേശുവിന്റെ സ്വർഗാരോഹണം മുതൽ രണ്ടാം വരവ് വരെയുള്ള കാലയളവിനെയാണ്. ഈ കാലയളവിലാണ് നാം ജീവിക്കുന്നതും. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തോടെ നിവർത്തിയായ വാഗ്ദാനങ്ങളുടെ പൂർണ്ണത അനുഭവിക്കുന്നതിനു ഉപവാസം ആചരിച്ചു നാം കാത്തിരിക്കുന്നു. ഈ ഉപവാസം, ദൈവാനുഭവത്തിൽ വളരാൻ നമ്മെ പ്രാപ്തരാക്കും.

ഉപവാസത്തിന്റെ ഗുണങ്ങൾ വിവരിക്കുന്ന ഒത്തിരി ലേഖനങ്ങൾ നാം വായിച്ചിട്ടുണ്ട്. അതിലെല്ലാം പറയുന്നത്, ഉപവാസം നമ്മുടെ ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നു എന്നുള്ളതാണ്. പക്ഷെ, നോമ്പ് കാലത്തിൽ നാമെടുക്കുന്ന ഉപവാസം, ദുർവാസനകളെ അടക്കി ദൈവാനുഭവത്തിൽ വളരുന്നതിന് വേണ്ടിയാണെന്ന് നമുക്ക് മറക്കാതിരിക്കാം. അല്ലെങ്കിൽ, നമ്മുടെ ഉപവാസം ഒരു ശാരീരീരിക അഭ്യാസമായി മാറുകയും, നോമ്പുകാലം കഴിയുമ്പോൾ നാം ദൈവാനുഭവം ഇല്ലാത്തവരായി പഴയ ദുർവാസനകളിലേക്കു മടങ്ങുകയും ചെയ്യും. ഈ നോമ്പുകാല ഉപവാസങ്ങൾ നമ്മെ ആഴമേറിയ ദൈവാനുഭവം ഉള്ളവരാക്കി തീർക്കട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker