Daily Reflection

മാർച്ച് 18: നാല് കല്പനകൾ

ഒന്നാമത്തെ പ്രേരകം (motivation) പൊതുവായി ഉള്ളതാണ്; ഓരോ കല്പനയ്ക്കും ബാധകമാണ്. രണ്ടാമത്തെ പ്രേരകം ഓരോ കല്പനയ്ക്കും പ്രത്യേകം ഉള്ളതാണ്

ഇന്നത്തെ ദിവ്യബലിയിലെ സുവിശേഷം, യേശു നൽകുന്ന നാല് കല്പനകളാണ് അവതരിപ്പിക്കുന്നത് (ലൂക്ക 6:36-38). ഈ കല്പനകളുടെ പ്രേരകമായി യേശു നൽകുന്നത് രണ്ടു കാര്യങ്ങൾ ആണ്: 1) പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ മക്കളും കരുണയുള്ളവരായിരിക്കണം; 2) ഓരോ കല്പനയുടെ പാലനത്തിനും അതിന്റേതായ പ്രതിഫലമുണ്ട്. ഒന്നാമത്തെ പ്രേരകം (motivation) പൊതുവായി ഉള്ളതാണ്; ഓരോ കല്പനയ്ക്കും ബാധകമാണ്. രണ്ടാമത്തെ പ്രേരകം ഓരോ കല്പനയ്ക്കും പ്രത്യേകം ഉള്ളതാണ്.

ഒന്നാമത്തെ കല്പന വിധിക്കരുത് എന്നാണ്. ഇത് വ്യക്തിപരമായ തലത്തിലുള്ള വിധിയെയാണ് ഉദ്ദേശിക്കുന്നത്. അതായത്, നമ്മുടെ അനുദിന ജീവിതത്തിൽ എത്രയോ പ്രാവശ്യമാണ് മറ്റുള്ളവരെകുറിച്ച് നാം വിധി പ്രസ്താവിക്കുന്നത്. ചുറ്റുമുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി, അവർ മോശമാണ് അവർ നന്നാകില്ല എന്നൊക്കെയുള്ള നമ്മുടെ വിധികളും മുൻവിധികളും പാടില്ലായെന്നു ഇന്ന് യേശു നമ്മോട് ആവശ്യപ്പെടുന്നു. ഈ കല്പന പാലിച്ചാൽ അതിന്റെ പ്രതിഫലമായി യേശു പറയുന്നത് “നിങ്ങളും വിധിക്കപ്പെടുകയില്ല” എന്നാണ്. ഇതിൽ ആരുടെ വിധിയിൽ നിന്നാണ് നാം ഒഴിവാക്കപ്പെടുന്നത് എന്ന് പറയുന്നില്ല: ദൈവത്തിന്റെ വിധിയിൽ (അന്ത്യവിധി) നിന്നോ അതോ മറ്റുള്ളവരുടെ വിധിയിൽ നിന്നോ. രണ്ടും ആകാവുന്നതാണ്. എന്നാൽ ദൈവത്തിന്റെ വിധിയിൽ നിന്നുള്ള ഒഴിവാണ് കൂടുതൽ അർത്ഥവത്താകുന്നത്. നീ വിധിക്കാതിരുന്നാൽ ദൈവവും നിന്നെ വിധിക്കുകയില്ല.

രണ്ടാമത്തെ കല്പന കുറ്റാരോപണം നടത്തരുത് എന്നാണ്. ഏതു സാഹചര്യത്തിൽ എങ്ങനെയുള്ളവരെ കുറ്റം ആരോപിക്കരുത് എന്നൊന്നും വിശദമാക്കുന്നില്ല. അതായത്, ഒരു കാരണവശാലും ഒരു സാഹചര്യത്തിലും ആരെയും കുറ്റം ആരോപിക്കരുത്. അതിനു പ്രതിഫലമായി പറയുന്നത്, “നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല”. ഇവിടെയും ആരുടെ കുറ്റാരോപണത്തിൽ നിന്നാണ് ഒഴിവാക്കപ്പെടുന്നതെന്നു പറയുന്നില്ല. എന്നാൽ “ദൈവം നിന്നിൽ കുറ്റം ആരോപിക്കുകയില്ല” എന്ന് നമുക്ക് മനസ്സിലാക്കാം.

മൂന്നാമത്തെ കല്പന ക്ഷമിക്കുവാൻ ആവശ്യപ്പെടുന്നു. ആദ്യത്തെ രണ്ടു കല്പനകളും പാലിക്കണമെങ്കിൽ ആദ്യം വേണ്ടത് ക്ഷമയാണ്. മറ്റുള്ളവരോട് അവരുടെ കുറ്റങ്ങളും കുറവുകളും ക്ഷമിച്ചാൽ മാത്രമേ അവരെ വിധിക്കാതിരിക്കാനും കുറ്റം ആരോപിക്കാതിരിക്കാനും നമുക്ക് സാധിക്കൂ. അതുകൊണ്ട്, ഈ മൂന്നു കല്പനകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ കല്പനയുടെ പ്രേരകമായി പറയുന്നത് “നിങ്ങളോടും ക്ഷമിക്കപ്പെടും” എന്നാണ്. ഇവിടെയും നമുക്ക് മനസ്സിലാക്കവുന്നതു, നമ്മോടു ക്ഷമിക്കുന്നതു ദൈവം തന്നെയാണ്.

നാലാമത്തെ കല്പന കൊടുക്കുവാൻ നിർദേശിക്കുന്നു. കൊടുക്കുന്നവന് വലിയ അളവിൽ തിരികെ കിട്ടും. വിധിക്കാതിരിക്കുന്നതും, കുറ്റമാരോപിക്കാതിരിക്കുന്നതും, ക്ഷമിക്കുന്നതും, കൊടുക്കുന്നതുമെല്ലാം നാം നമ്മുടെ സഹോദരരോട് കാണിക്കുന്ന ഉദാരതയാണ്. ഇവിടെ നാം മനസ്സിലാക്കുന്ന കാര്യം, നാം നമ്മുടെ സഹോദരരോട് കാണിക്കുന്ന മഹാമനസ്കതയ്ക് പ്രതിഫലം നൽകുന്നത് ദൈവം തന്നെയാണ്. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പരിഗണിക്കാതെ അവരോട് ഉദാരതയോടെ പെരുമാറാനുള്ള ഹൃദയവിശാലത സ്വന്തമാക്കി യഥാർത്ഥ ക്രിസ്തുശിഷ്യരായി മാറാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker