Daily Reflection

ഏപ്രിൽ 9: “ഞാൻ ഞാൻതന്നെ”

യേശു ദൈവമാണെന്ന് വിശ്വസിക്കുകയാണ് നിത്യജീവൻ പ്രാപിക്കുവാനുള്ള മാർഗം

ഇന്ന് ദിവ്യബലിയിൽ നാം ശ്രവിക്കുന്നത് യോഹന്നാൻ 8:21-30 ആണ്. താൻ ആരാണെന്ന് വെളിപ്പെടുത്തികൊണ്ടുള്ള യേശുവിന്റെ പ്രഭാഷണത്തിന്റെ ഒരു ഭാഗമാണ് ഇത്. ഈ വാക്യങ്ങളിൽ രണ്ടിടങ്ങളിൽ തന്റെ ഐഡന്റിറ്റി (identity) യേശു വ്യക്തമാക്കുന്നുണ്ട്: “ഞാൻ ഞാൻ തന്നെ” (യോഹ 8:24.28). ഹോറെബ് മലയിൽ വച്ച് പ്രത്യക്ഷനാകുന്ന ദൈവത്തോട് അവിടുത്തെ പേരെന്താണെന്നു ചോദിക്കുന്ന മോശയോട് ദൈവം വെളിപ്പെടുത്തുന്നത്: “ഞാൻ ഞാൻ തന്നെ” എന്ന പേരാണ് (പുറപ്പാട് 3:14). ദൈവം മോശയോട് വെളിപ്പെടുത്തിയ ആ പേര് തന്നെയാണ്, “നീ ആരാണ്?” എന്ന് യഹൂദർ ചോദിക്കുമ്പോൾ യേശു വെളിപ്പെടുത്തുന്നത്. തന്റെ അസ്തിത്വത്തെ വെളിപ്പെടുത്തികൊണ്ടുള്ള യേശുവിന്റെ വചനങ്ങൾ കേട്ടപ്പോൾ യഹൂദർ അവനിൽ വിശ്വസിച്ചു എന്ന് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു (യോഹ 8:30).

യേശുവിന്റെ ദൈവികാസ്തിത്വം പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുന്നത് കുരിശിലാണ് എന്ന് യേശു വിശദീകരിക്കുന്നു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തികഴിയുമ്പോൾ, ഞാൻ ഞാൻതന്നെയെന്നും ഞാൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ല … എന്നും നിങ്ങൾ മനസ്സിലാക്കും” (യോഹ 8:28). “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തികഴിയുമ്പോൾ” എന്നത്, ഇസ്രായേൽ ജനത്തിനെ ആഗ്നേയസർപ്പങ്ങളുടെ ദംശനത്തിൽനിന്നും രക്ഷപ്പെടുത്തുന്നതിനായി മോശ മരുഭൂമിയിൽ ഉയർത്തിയ പിച്ചളസർപ്പത്തിന്റെ സ്മരണ ഉയർത്തുന്നുണ്ട്. അതോടൊപ്പം, യേശുവിന്റെ കുരിശുമരണത്തിന്റെ സൂചനയും അതിലുണ്ട്. പീഡകൾ അനുഭവിക്കുന്ന, കുരിശിൽ മരിക്കുന്ന ദൈവമായാണ് യേശു തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. കുരിശിലാണ് ദൈവമഹത്വം വെളിപ്പെടുന്നത്.

നമ്മുടെ അനുദിന ജീവിതത്തിലെ സഹനങ്ങളുടെ നിമിഷങ്ങളിൽ നമ്മെ ആശ്വസിപ്പിച്ചുകൊണ്ട് ശക്തിപ്പെടുത്തിക്കൊണ്ട് കൂടെ നിൽക്കുന്ന ദൈവത്തെ തിരിച്ചറിയാൻ നമുക്കും സാധിക്കട്ടെ. മറ്റൊരവസരത്തിൽ യേശു പറയുന്നുണ്ട്, “ഞാൻ ഞാൻതന്നെയെന്നു വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” (യോഹ 8:24). യേശു ദൈവമാണെന്ന് വിശ്വസിക്കുകയാണ് നിത്യജീവൻ പ്രാപിക്കുവാനുള്ള മാർഗം. ഇത്തരത്തിൽ ആഴമായി വിശ്വസിക്കാനുള്ള കൃപ നൽകണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker