Daily Reflection

ഏപ്രിൽ 15: തൈലാഭിഷേകം

വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ യേശുവിനു നമ്മുടെ വിലയേറിയ സമർപ്പണങ്ങൾ കൊണ്ട് സ്നേഹം പകരാം

ഇന്ന് വിശുദ്ധ വാരത്തിലെ തിങ്കളാഴ്ച. ഇന്നത്തെ ദിവ്യബലിയിലെ വചനഭാഗം യോഹന്നാൻ 12:1-11 ആണ്. മാർത്തയുടെയും മറിയത്തിന്റെയും ലാസറിന്റെയും ഭവനത്തിൽ വിരുന്നിനിരിക്കുന്ന യേശുവിന്റെ പാദങ്ങളിൽ മറിയം തൈലാഭിഷേകം നടത്തുന്ന ഭാഗമാണിത്.

ഈ സന്ദർഭത്തിലുള്ള യൂദാസ് സ്കറിയോത്തയുടെ ഇടപെടലിലേക്കാണ് സുവിശേഷകൻ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. യൂദാസ് സ്കറിയോത്തയുടെ സ്വഭാവത്തെകുറിച്ചു വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നൽകുന്ന ആദ്യ സൂചനയാണ് ഇവിടെ കാണുന്നത്. “എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദാനരയ്ക്കു വിറ്റു ദരിദ്രർക്ക് കൊടുത്തില്ല?” യൂദാസ് ഈ ചോദ്യം ഉന്നയിച്ചതുകൊണ്ട്, മറിയം അഭിഷേചനം നടത്താൻ ഉപയോഗിച്ച തൈലം എന്ത് മാത്രം വിലയുള്ളതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റി. ഒരു ദനാറ ഒരു ദിവസത്തെ കൂലിയായിരുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. അതായതു, മറിയം ഉപയോഗിച്ച നർദീൻ തൈലത്തിനു ഒരു സാധാരണ ജോലിക്കാരന്റെ മുന്നൂറു ദിവസത്തെ കൂലിയുടെ വിലയായിരുന്നു. അതായത്, ഏകദേശം ഒരു വർഷത്തോളം ഒരാൾ ജോലിചെയ്ത കിട്ടുന്ന കൂലി തന്റെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാതെ മാറ്റിവച്ചാലേ ആ തൈലം കരസ്ഥമാക്കാൻ പറ്റുകയുള്ളൂ. അത്രയ്ക്കും വിലകൂടിയ തൈലം വാങ്ങി മറിയം യേശുവിന്റെ പാദങ്ങൾ അഭിഷേചിച്ചത്, തന്റെ ധാരാളിത്തം കാണിക്കാനല്ല, മറിച്ച്, തനിക്കു യേശുവിനോട് അത്രമാത്രം സ്നേഹമുണ്ടെന്നു കാണിക്കാനായിരുന്നു.

ഈ സന്ദർഭത്തിൽ സുവിശേഷകൻ, യൂദാസിന്റെ സ്വഭാവത്തെപ്പറ്റി പറയുന്നു, അവൻ ഒരു കള്ളനായിരുന്നു എന്ന്. അല്ലാതെ, യൂദാസിന് പാവപ്പെട്ടവരോട് സ്നേഹമുണ്ടായിരുന്നതുകൊണ്ടല്ല. യേശു യൂദാസിനോട് പറയുന്നത്, “എന്റെ ശവസംസ്കാരദിനത്തിനായി ഇത് ചെയ്തുവെന്ന് അവൾ കരുതിക്കൊള്ളട്ടെ. ദരിദ്രർ ഇപ്പോഴും നിങ്ങളോടു കൂടെയുണ്ട്; ഞാൻ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല” എന്നാണു. അതിനർത്ഥം, ദരിദ്രർക്ക് സഹായം ചെയ്യാൻ നിങ്ങൾക്കു ഇനിയും ദാരാളം അവസരങ്ങൾ ഉണ്ട്; എന്നാൽ ഞാൻ അധിക സമയം നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല. നിങ്ങൾക്കു എന്നോട് സ്നേഹം പ്രകടിപ്പിക്കാവുന്ന, ഞാൻ നിങ്ങളോടൊത്തുള്ള, ഈ സമയത്തു നിങ്ങൾ എന്നോട് സ്നേഹം പ്രകടിപ്പിക്കുക. നമുക്ക് ചുറ്റും നോക്കുക, പലരും അവർക്കു തങ്ങളുടെ വേണ്ടപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മരണം വരെ കാത്തുനിൽക്കുന്നത് കാണാം. ഒരാൾ മരിച്ചു കഴിയുമ്പോഴാണ് പലർക്കും മനസ്സിലാകുന്നത്, അയാളോടുള്ള സ്നേഹം എത്ര ലുബ്ധമായിട്ടാണ് താൻ പ്രകടിപ്പിച്ചതെന്നു. പലരും മരിച്ചു കിടക്കുമ്പോഴാണ്, നല്ല വസ്ത്രങ്ങൾ, പുതിയ ഷൂ തുടങ്ങിയവ അണിയിക്കപ്പെടുന്നത്. കൊടുക്കാനുള്ള സ്നേഹമൊക്കെ ജീവിച്ചിരിക്കുമ്പോൾ നൽകുക, അത് മാതാപിതാക്കൾക്കായാലും ജീവിത പങ്കാളിക്കായാലും കുടുംബാംഗങ്ങൾക്കായാലും. യേശു തങ്ങളോടൊത്തായിരുന്നപ്പോൾ തന്നെ തനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കുവാൻ മറിയത്തിനു സാധിച്ചു.

വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ നമുക്കും മറിയത്തെപ്പോലെ യേശുവിനു നമ്മുടെ വിലയേറിയ സമർപ്പണങ്ങൾ കൊണ്ട് സ്നേഹം പകരാം. നമ്മുടെ പക്കലുള്ള വിലയേറിയ വസ്തുക്കൾ എന്തൊക്കെയാണ്? നമ്മുടെ സമയവും ശ്രദ്ധയുമൊക്കെ. നമ്മുടെ സമയവും ശ്രദ്ധയും യേശുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ചു ധ്യാനിക്കുവാൻ നമുക്ക് പ്രത്യേകമായി മാറ്റിവയ്ക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker