Daily Reflection

ഏപ്രിൽ 18: കാലുകഴുകൽ

ഏപ്രിൽ 18: കാലുകഴുകൽ

നമ്മുടെ ആരാധനാക്രമവർഷത്തിലെ മർമ്മപ്രധാനമായ പെസഹാത്രിദിനത്തിലെ ആദ്യദിനമായ പെസഹാവ്യാഴമാണിന്ന്. യേശു തന്റെ ശിഷ്യരോടൊത്തു നടത്തിയ അന്ത്യഅത്താഴ വേളയിൽ അപ്പവും വീഞ്ഞും തന്റെ ശരീരവും രക്തവുമാക്കി മാറ്റി വിശുദ്ധ കുർബാനയും പൗരോഹിത്യവും സ്ഥാപിച്ചതിന്റെയും ശിഷ്യരുടെ കാലുകൾ കഴുകികൊണ്ട് പരസ്നേഹത്തിന്റെ മാതൃക ലോകത്തെ പഠിപ്പിച്ചതിന്റെയും അനുസ്മരണമാണ് ഇന്ന് സഭ ആഘോഷിക്കുന്നത്.

ഇന്നത്തെ തിരുവത്താഴപൂജയിൽ നാം ശ്രവിക്കുന്നത് യോഹന്നാൻ 13:1-15 ആണ്. അത്താഴമേശയ്ക്കരികെ ഇരിക്കുന്ന ശിഷ്യന്മാരുടെ കാലുകൾ യേശു കഴുകുന്നു. ഒരു ഭവനത്തിലേക്ക് വരുന്ന അതിഥികളുടെ കാലുകൾ കഴുകി സ്വീകരിക്കുക ആതിഥ്യ മര്യാദയുടെ ഭാഗമായിരുന്നു; പാദങ്ങൾ കഴുകേണ്ട ജോലി നിർവഹിച്ചിരുന്നത് അടിമകളും. താൻ ധരിച്ചിരുന്ന മേലങ്കി മാറ്റി തൂവാലയെടുത്തു ധരിച്ചുകൊണ്ട് വേഷത്തിൽ പോലും അടിമയെപ്പോലെ ആയിക്കൊണ്ടാണ് അടിമവേലയായ പാദക്ഷാളനം യേശു നടത്തുന്നത്. യേശു തന്റെ ഈ പ്രവർത്തിയെ വ്യഖ്യാനിച്ചുകൊണ്ട് പറയുന്നു, “നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം”. ഈ വാക്കുകളെ അക്ഷരം പ്രതിയെടുത്തുകൊണ്ട് മറ്റുള്ളവരുടെ പാദങ്ങൾ കഴുകുക എന്നത് മാത്രമാണോ ഈ കല്പനയുടെ ഉള്ളടക്കം? പിന്നെന്താണ്, യേശു ചെയ്തതിന്റെ അർഥം? തന്നെ തടസ്സപ്പെടുത്തുന്ന പത്രോസിനോട് യേശു പറയുന്നു, “ഞാൻ ചെയ്യുന്നതെന്തെന്ന് ഇപ്പോൾ നീ അറിയുന്നില്ല, എന്നാൽ പിന്നീട് അറിയും”. എപ്പോഴാണ് യേശു പറയുന്ന “പിന്നീട്”? അത് യേശുവിന്റെ കുരിശുമരണത്തിനും ഉയിർപ്പിനും ശേഷമുള്ള സമയമാണ്. അപ്പോഴാണ് യേശു ഇപ്പോൾ ചെയ്യുന്ന പാദക്ഷാളനത്തിന്റെ അർത്ഥം പത്രോസിനു മനസ്സിലാകുകയുള്ളു.

അതായത്, പാദങ്ങൾ കഴുകുന്നത് യേശുവിന്റെ കുരിശുമരണത്തിന്റെ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. ചില പണ്ഡിതന്മാർ യേശുവിന്റെ പാദക്ഷാളനത്തെ വിളിക്കുന്നത് പ്രവൃത്തിയിലുള്ള ഉപമ (parable in action) എന്നാണു. യേശുവിന്റെ മറ്റെല്ലാ ഉപമകളും യേശു പറയുന്ന കഥകളാണ്. എന്നാൽ, ഇവിടെ, ഒരു പ്രവൃത്തി ചെയ്ത് കാണിച്ചുകൊണ്ട് ഉപമ അവതരിപ്പിക്കുന്നു. പാദക്ഷാളനത്തെ ഒരു പ്രതീകാല്മക പ്രവൃത്തിയായി (symbolic action) കാണാവുന്നതാണ്. കർത്താവും ഗുരുവുമായ യേശു, ഇന്ന്, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകികൊണ്ട് തന്നെത്തന്നെ എളിമപ്പെടുത്തിയെങ്കിൽ, നാളെ, ദൈവപുത്രനായ യേശു മനുഷ്യരായ നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്നെതന്നെ എളിമപ്പെടുത്തി കുരിശിൽ മരണം വരിക്കും. നാളെ കുരിശിൽ ചെയ്യാനുള്ള എളിമപ്പെടലിന്റെ ഒരു മുന്നാസ്വാദനം ആയിരുന്നു യേശു അന്ത്യത്താഴ മേശയ്ക്കരുകിൽ ചെയ്ത എളിമപ്പെടൽ. ഇന്ന് ശിഷ്യരുടെ പാദങ്ങൾ വൃത്തിയാക്കുന്ന പ്രവൃത്തി ചെയ്യുന്നുവെങ്കിൽ, നാളെ കുരിശിൽ മരിച്ചുകൊണ്ട് ലോകത്തിനു മുഴുവൻ രക്ഷ കൈവരിച്ചു, അവരെ പാപത്തിന്റെ അഴുക്കുകളിൽ നിന്നും വൃത്തിയാക്കും. അതായത്, പാദക്ഷാളനം യേശുവിന്റെ കുരിശുമരണത്തിന്റെ പ്രതീകാല്മക അവതരണമായിരുന്നു. യഥാർത്ഥത്തിൽ, യേശു നൽകുന്ന കല്പന, താൻ കുരിശിൽ മനുഷ്യർക്കുവേണ്ടി തന്നെ തന്നെ ബലിയർപ്പിച്ചതുപോലെ യേശുവിന്റെ ശിഷ്യരും പരസപരം മറ്റുള്ളവർക്കുവേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കണം എന്നതാണ്.

മറ്റുള്ളവർക്കുവേണ്ടി സ്വജീവൻ അർപ്പിച്ച ഗുരുവിന്റെ ശിഷ്യരും അതുപോലെതന്നെ മറ്റുള്ളവർക്കുവേണ്ടി ജീവൻ അർപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker