Daily Reflection

ദൈവത്തിന്റെ ആലയത്തിന്റെ കാവൽക്കാരനായ വിശുദ്ധ യൗസേപ്പ്

വിശുദ്ധ യൗസേപ്പിതാവിന്റെ പോലെ ദൈവത്തിന്റെ ആലയത്തിന്റെ കാവൽക്കാരായി എന്നും ജീവിക്കാം...

“നിങ്ങൾ ഈ ആലയം നശിപ്പിക്കുക, മൂന്നു ദിവസത്തിനകം ഞാൻ അത് പുനരുദ്ധരിക്കും” (യോഹ.2:19). യേശുനാഥൻ തന്റെ ശരീരമാകുന്ന അലയത്തെകുറിച്ചാണ് ഇവിടെ പറയുന്നത്. ഈ ആലയം മനുഷ്യരാൽ ഇല്ലാതാക്കപ്പെടും, എന്നാൽ മൂന്നാം ദിവസം ഉയർത്തപ്പെടുകയും എന്നേക്കുമായി പണിതുയർത്തപ്പെടുകയും ചെയ്യുമെന്ന പ്രഖ്യാപനമാണ് യേശു ഇവിടെ നടത്തുന്നത്. കുരിശിൽ തകർക്കപ്പെട്ടശേഷം കുരിശിൽ കിടക്കുന്ന ഈശോയുടെ വിരിമാറിൽ നിന്നും സഭയുടെ വിത്തുമുളക്കുകയും അവന്റെ ഉയിർപ്പിലൂടെ സഭ ജനിക്കുകയും പെന്തക്കുസ്താദിനം പരിശുദ്ധാത്മാവിന്റെ ആഗമനത്തിലൂടെ സഭയുടെ വളർച്ച ആരംഭിക്കുകയും ചെയ്തു.

ക്രിസ്തുവിന്റെ മൗതികശരീരമാകുന്ന സഭയുടെ ആരംഭം അനാദികാലം മുതലേ ദൈവപിതാവിന്റെ മനസ്സിൽ രൂപംകൊണ്ടതാണെന്ന് 2 സാമു. 7:4 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോൾ മനസ്സിലാകും. ദൈവം നാഥാൻ പ്രവാചകനിലൂടെ ദാവീദിനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്, “എനിക്കുവേണ്ടി ഒരു ആലയം പണിയുമോ?”. ജെറുസലേം ദേവാലയം പണിയുന്നതിനെ കുറിച്ചാണ് അവിടെ പ്രതിപാദിക്കുന്നത്. ഈ ആലയം പണിയുവാൻ ദൈവം നിയോഗിക്കുന്നത് ദാവീദിന്റെ മകൻ സോളമനെയാണ്. ഈ ആലയം പണിയുന്നതുവഴി ദൈവത്തിന്റെ പ്രിയപ്പെട്ടവനായി മാറുമെന്നും അവിടെ വചനം പറയുന്നു. എന്നിട്ടു കൂട്ടിച്ചേർക്കുന്നു: “അവൻ തെറ്റ് ചെയ്യുമ്പോൾ മാനുഷിക ദണ്ഡും ചമ്മട്ടിയും കൊണ്ട് ഞാൻ അവനെ ശിക്ഷിക്കും”. ഇത് ഒരു പ്രവചനം കൂടിയാണ്, ഭാവിയിൽ ഈ ഭൂമിയിൽ ജനിക്കേണ്ട ദൈവത്തിന്റെ ആലയത്തെക്കുറിച്ചും, സഭയിലൂടെ പണിയപ്പെടേണ്ട അലയത്തെകുറിച്ചുമുള്ള ഒരു മുന്നോരുക്കമായിക്കൂടി ഇതിനെ കാണാം.

ഈ സ്വപ്നസാക്ഷാൽക്കാരം വർഷങ്ങൾക്കിപ്പുറം ദൈവത്തിന്റെ പുത്രൻതന്നെയായ ക്രിസ്തുവാകുന്ന ദേവാലയം ഈ ഭൂമിയിൽ അവതരിക്കാൻ ദൈവം തിരഞ്ഞെടുത്ത പുതിയ നിയമത്തിലെ സോളമനാണ് വിശുദ്ധ യൗസേപ്പ്. ദൈവത്തിന്റെ ഹിതത്തിനുമുന്നിൽ ‘ഇതാ ഞാൻ’ എന്ന മൗനസമ്മതവും ‘കർത്താവിന്റെ ദൂതൻ പപറഞ്ഞതുപോലെ പ്രവർത്തിച്ചു’ (മത്തായി 1:24) എന്ന ഒറ്റവാക്കും വ്യക്തമാക്കി തരുന്നതിതാണ്, ഈ ഭൂമിയിൽ പണിയപ്പെടാനിരിക്കുന്ന ആലയത്തിന് പിതാവായ ദൈവം ശക്തനായ ഒരു സംരക്ഷകനെ കണ്ടുപിടിച്ചു കഴിഞ്ഞു. സോളമനെപ്പോലെ, അവനെയും ദൈവപിതാവ് ജ്ഞാനസ്നാന സമയത്ത് വെളിപ്പെടുത്തി, ‘ഇവൻ എന്റെ പ്രിയപുത്രൻ’. കൂടാതെ ലോകത്തിന്റെ മുഴുവൻ തെറ്റിന് പരിഹാരം ചെയ്യാൻ അവൻ മാനുഷിക ദണ്ഡും ചമ്മട്ടിയും കൊണ്ട് ശിക്ഷിക്കപ്പെട്ടു. ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ അവയവങ്ങളായ ഓരോ ക്രിസ്ത്യാനിയും ജീവിക്കുന്ന ആലയങ്ങളാണെന്നു പൗലോസ് അപ്പോസ്തോലൻ. (2 കോറി. 6:16). “എനിക്കുവേണ്ടി ഒരു ആലയം പണിയുമോ?’ എന്ന ചോദ്യത്തിനുള്ള ഉത്തരം നമ്മൾ മാമ്മോദീസയിലൂടെ നൽകി കഴിഞ്ഞു. കാരണം, ഈ വാഗ്ദാനം നമ്മൾ വിശ്വാസത്തിലൂടെ നൽകപ്പെട്ടു കഴിഞ്ഞുവെന്ന് അപ്പോസ്തോലൻ പഠിപ്പിക്കുന്നു (റോമ 4:16). ഇനി ഈ ആലയത്തെ യൗസേപ്പിതാവിനെപ്പോലെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അങ്ങിനെ നമ്മളും ദൈവത്തിന്റെ പുത്രരായി മാറ്റപ്പെടും. “ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്ക് പുത്രന്മാരും പുത്രികളുമായിരിക്കും” (2 കോറി. 6:18). ദൈവത്തിന്റെ പുത്രരെങ്കിൽ തെറ്റ് ചെയ്യുമ്പോൾ മാനുഷിക ദണ്ഡും ചമ്മട്ടിയും കൊണ്ട് നമ്മെ അവിടുന്ന് തിരുത്തും എന്നുകൂടി നമുക്ക് മുന്നറിയിപ്പുതരുന്നു.

യൗസേപ്പിതാവും അവിടുത്തെ മുന്നിൽ ‘ഇതാ ഞാൻ’ എന്ന് പറഞ്ഞ സമയം മുതൽ ആ ക്രിസ്തുവാകുന്ന ദേവാലയം പണിയപ്പെടുന്നതുവരെയും സഹനത്തിന്റെ തീച്ചൂളയിലൂടെയാണ് കടന്നു പോയതും. ഈ സഹനത്തെകുറിച്ചാവും പൗലോസ് അപ്പോസ്തോലൻ പറഞ്ഞത്, ‘കുഞ്ഞുമക്കളെ ക്രിസ്തു നിങ്ങളിൽ രൂപപ്പെടുവോളം ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു’ (ഗലാ.4:19). ക്രിസ്തുവിന്റെ ഈ ദേവാലയം നമ്മിൽ പണിയപ്പെടാൻ, നമ്മുടെ പ്രിയമുള്ളവരിൽ പണിയപ്പെടാൻ സഹനത്തിന്റെ എരിതീയിലൂടെ യാത്ര തുടരാം. വിശുദ്ധ യൗസേപ്പിതാവിന്റെ പോലെ ദൈവത്തിന്റെ ആലയത്തിന്റെ കാവൽക്കാരായി എന്നും ജീവിക്കാം, വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാളിന്റെ എല്ലാവിധ പ്രാർത്ഥനകളും നിങ്ങൾക്കരോരുത്തർക്കും നേരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker