Daily Reflection

ബലിയർപ്പിക്കാനുള്ള കുഞ്ഞാടെവിടെ? അവൻ തിരുനാളിനു വരില്ലേ?

വലിയ തിരുന്നാൾ ദിനങ്ങളിലേക്കു പ്രവേശിക്കാൻ ഒരുങ്ങുന്ന ഈ ദിനങ്ങളിൽ നമുക്ക് സ്വയം ശുദ്ധീകരിച്ചൊരുങ്ങാം...

“അവരുടെ മദ്ധ്യേ എന്റെ ആലയം ഞാൻ എന്നേക്കുമായി സ്ഥാപിക്കും” (എസക്കി. 37:26). എസക്കിയേൽ പ്രവാചകനിലൂടെ ക്രിസ്തുവാകുന്ന ആലയം പണിയപ്പെടുമെന്നുള്ള പ്രവചനം നടത്തുകയാണ്. ഈ ആലയം പണിയപ്പെടാൻവേണ്ടി ഞാൻ അവരെ എല്ലാ മ്ലേച്ഛതകളിൽനിന്നും ശുദ്ധീകരിക്കുമെന്നു വചനം പറയുന്നു (എസക്കി. 37:23). അങ്ങിനെ ഒരു പുതിയ ജനതയാക്കാൻ “ഇസ്രായേൽ ജനത്തെ എല്ലാ ദിക്കുകളിൽ നിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും” (എസക്കി. 37:21) “അവർ ഒറ്റ ജനതയായി തീരും” (എസക്കി. 37:22) എന്നും വചനത്തിൽ പറയുന്നു. ഇത് ക്രിസ്തുവിലൂടെ ലോകജനത മുഴുവൻ (പുതിയ ഇസ്രായേൽ) ഒറ്റ ജനതയാകുമെന്ന എസക്കിയേൽ പ്രവാചകന്റെ പ്രവചനമായിരുന്നു.

ദൈവം തിരഞ്ഞെടുത്ത ആ ദേവാലയം ക്രിസ്തുവും അവന്റെ രക്തത്തിലുള്ള ശുദ്ധീകരണം ലോക രക്ഷ സാധ്യമാക്കിയെന്നു യോഹന്നാൻ അപ്പോസ്തോലൻ 11:45- 56 ൽ പറയുന്നു. ഈ സുവിശേഷഭാഗത്തിന്റെ സന്നർഭം പെസഹാ തിരുന്നാളിന് മുമ്പുള്ള ദിവസങ്ങളാണ്. എല്ലാ ജനങ്ങളും പാപപരിഹാര ബലിയർപ്പിക്കാൻ ജെറുസലേമിലേക്കു പോകുന്നതിനുള്ള ഒരുക്കദിവസങ്ങൾ. പുരോഹിതർ ബലിയൊരുക്കങ്ങൾക്കുവേണ്ടി ഒരുങ്ങേണ്ട ദിവസങ്ങൾ. വളരെ സുന്ദരമായി വചനഭാഗത്ത് കാണാം, ബലിയൊരുക്കത്തിനുള്ള ചട്ടവട്ടങ്ങൾ ഒരുക്കേണ്ട പുരോഹിതർ അറിഞ്ഞോ അറിയാതെയോ ക്രിസ്തുവിനെ വധിക്കാനുള്ള ഒരുക്കങ്ങൾക്കുള്ള ചർച്ചകൾ നടത്തുന്നു. അതായത്, ബലിയാടിനെയും ബലിയിടത്തെയും ഒരുക്കേണ്ട പുരോഹിതർ, ലോകത്തിന്റെ ബലിയാടായി വധിക്കപ്പെടേണ്ട ക്രിസ്തുവിനെ ബലികൊടുക്കേണ്ടതിനെകുറിച്ച് ചർച്ച ചെയ്യുന്നു. അതിനു കൂടുതൽ ബലവും ആധികാരികതയും നൽകാൻ പിതാവാവായ ദൈവം അന്നത്തെ പ്രധാന പുരോഹിതനായ കയ്യഫാസിന്റെ നാവിലൂടെ സംസാരിക്കുന്നു: “ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നത് യുക്തമാണെന്നു നിങ്ങൾ മനസിലാക്കുന്നില്ല” (യോഹ. 11:50). അവരുടെ ശ്രദ്ധ മറ്റൊന്നിലും പോകാതിരിക്കാൻ പ്രധാന പുരോഹിതനിലൂടെ പ്രവചിക്കുകയാണ്, കാരണം ബലിമൃഗത്തെ കൊല്ലേണ്ട ദൗത്യം പ്രധാന പുരോഹിതന്റേതായിരുന്നു.

കൂടാതെ പ്രധാന പുരോഹിതന് ഒരു നിക്ഷിപ്ത താൽപര്യം കൂടി യേശുവിന്റെ മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉണ്ട്. യേശുവിന്റെ അത്ഭുതങ്ങൾ കണ്ട് ജനം അവന്റെ കൂടെ കൂടുന്നു. അങ്ങിനെ പോയാൽ എല്ലാവരും അവന്റെ പുറകെ പോകും, ദേവാലയത്തിൽ ജനങ്ങൾ വരാതിരിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല പുരോഹിതർക്ക് വിലയില്ലാതെപോകും എന്നൊക്കെയുള്ള ചില തെറ്റിദ്ധാരണകളുടെയും, അതുമൂലം സമൂഹത്തിൽ തങ്ങൾക്കുള്ള സ്ഥാനം നഷ്ടമാകുമെന്ന നിക്ഷിപ്ത താൽപര്യം കൂടി അതിൽ ഉണ്ട്.

ക്രിസ്തുവാണ് ആ വർഷത്തെ ബലിയാട്. ഇനി ബലിയാടിനെ പുരോഹിതരാലും ജനങ്ങളാലും ദൈവം ഒരുക്കുന്ന രീതികൂടി മനസിലാക്കേണ്ടത് ഉചിതമാണ്:

1) ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നത് ഉചിതമാണ് എന്ന് പ്രധാന പുരോഹിതൻ പറയുന്നിടത്ത്, “നശിക്കുക എന്ന വാക്കിന്റെ മൂലപദം യോഹ. 3:16 ലും, യോഹ 6:39 പറയുന്ന അതേ വാക്കാണ്. “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്നേഹിച്ചു” (യോഹ. 3:16). “അവിടുന്ന് നൽകിയവരിൽ ഒരുവൻ പോലും നശിച്ചുപോകാതെ അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം” (യോഹ 6:39). അപ്പോൾ ദൈവത്തിന്റെ ഇഷ്ടം പ്രധാന പുരോഹിതന്റെ നാവിലൂടെ പ്രവചിക്കുകയാണ്.

2) യേശു പിന്നീട് പരസ്യമായി സഞ്ചരിച്ചില്ല, അവൻ പോയി മരുഭൂമിയ്ക്കടുത്തുള്ള എഫ്രായിം പട്ടണത്തിൽ പോയി താമസിച്ചു (യോഹാ 11:54). കാരണം, പഴയനിയമത്തിൽ ബലിയാടിനെ ബലിയർപ്പിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. രണ്ട് ആടുകളിൽ ഒന്നിനെ ദൈവത്തിനും രണ്ടാമത്തേതിനെ അസാസ്സിയേലിനും അർപ്പിക്കണം. അസാസ്സിയേൽ എന്നാൽ സാത്താൻ എന്നല്ല അർത്ഥം, അസാസ്സിയേൽ എന്നാൽ മാറ്റിനിർത്തപ്പെട്ടത്. ആ അർത്ഥത്തിൽ സമൂഹത്തിൽനിന്നും ദൈവത്താൽ മാറ്റി നിർത്തപ്പെട്ട ബലിയാടാണ് ക്രിസ്തു. കൂടാതെ ബലിയർപ്പിക്കാനുള്ള ആടുകളിൽ ഒന്നിനെ കർത്താവിന്റെ അൾത്താരയിൽ പാപപരിഹാരം ബലിയായും മറ്റേതിനെ മരുഭൂമിയിലേക്ക് അയക്കും. ക്രിസ്തു ആ അർത്ഥത്തിൽ പെസഹാ ദിനത്തിൽ ബലിയായി അർപ്പിക്കപ്പെടേണ്ടതിന്റെ വേദനയോടെ ജെറുസലേം ദേവാലയത്തിലേക്കും, പിന്നീട് ആരോപിക്കപ്പെട്ട കുറ്റങ്ങളോടെ പട്ടണത്തിൽനിന്നും പുറത്ത് ഗാഗുൽത്തായിലേക്കും പോകേണ്ടവനാണെന്ന സൂചനകൾ കൂടി അവ നമുക്ക് തരുന്നു.

3) യേശു തിരഞ്ഞെടുത്ത പട്ടണം എഫ്രായിം പട്ടണമാണ്. ‘എഫ്രായിം’ എന്ന വാക്കിനർത്ഥം തന്നെ ‘ഫലപ്രദമായ’ എന്നാണ്. ഫലപ്രദമായ സമയം വരെ കാത്തിരിക്കാൻ തിരഞ്ഞെടുത്തത് പട്ടണം എഫ്രായിം. ഇനി എഫ്രായിമിനെ അനുഗ്രഹിക്കുന്ന ഭാഗം കൂടി മനസിലാക്കാം. ജോസഫ് തന്റെ പിതാവായ യാക്കോബിനെ കൊണ്ട് തന്റെ രണ്ടു മക്കളായ മനാസ്സെയും എഫ്രായിമിനെയും അനുഗ്രഹിപ്പിക്കുന്നുണ്ട്. കടിഞ്ഞൂൽ പുത്രനായ മനാസ്സേയെയാണ് അനുഹ്രഹിക്കേണ്ടിയിരുന്നത്, പക്ഷെ യാക്കോബ് എഫ്രായിമിനെ അനുഗ്രഹിക്കുന്നു. തെറ്റ് തിരുത്താൻ ജോസഫ് പറയുമ്പോൾ യാക്കോബിന്റെ മറുപടിയുണ്ട്: “എനിക്കറിയാം, അവനിൽനിന്നും (മനാസ്സെയിൽ നിന്നും) ഒരു ജനതയുണ്ടാകും. എന്നാൽ അവന്റെ അനുജൻ (എഫ്രായിം) അവനെക്കാൾ (മനാസ്സയെക്കാൾ) വലിയവനാകും. അവന്റെ സന്തതികളോ അനവധി ജനതകളും’ (പുറ 48:19). ഇത് പുതിയ ഇസ്രയേലിനുള്ള അനുഗ്രഹമാണ്, ക്രിസ്തുവാകുന്ന കുഞ്ഞാടിന്റെ രക്തംമൂലം രക്ഷിക്കപ്പെട്ട പുതിയ ഇസ്രായേൽ വലിയ ഒരു ജനതയായിത്തീരും എന്ന ദൈവത്തിന്റെ അനുഗ്രഹം. റോമാ. 11:25 ൽ പറയുന്നു: “സഹോദരരേ, ജ്ഞാനികളാണെന്നു അഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങൾ ഈ രഹസ്യം മനസിലാക്കിയിരിക്കണം: ഇസ്രായേലിൽ കുറേപേർക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അത് വിജാതീയർ പൂർണമായി സ്വീകരിക്കപ്പെടുന്നതുവരെ”. പുതിയ ഇസ്രയേലിന്റെ രൂപീകരണത്തെക്കുറിച്ചുമാണ് അവിടെ പറയുന്നത്, ഇസ്രായേല്യരും വിജാതീയരുമായ ക്രിസ്ത്യാനികൾ ഒന്നാകുന്ന സമയം വരെ. അതിന്റെ തുടക്കത്തിനുള്ള ഒരുക്ക സമയമാണ് ക്രിസ്തു എഫ്രായിമിൽ താമസിക്കുന്നത്.

4 ) ജനങ്ങളുടെ പ്രതികരണം. ജനങ്ങളിൽ യേശുവിൽ വിശ്വസിക്കുന്നവരുമുണ്ട്, വിശ്വസിക്കാത്തവരുമുണ്ട്. രക്ഷയ്ക്കുവേണ്ടിയുള്ള ആഗ്രഹം എല്ലാ മനുഷ്യരിലുമുണ്ട്. ആയതിനാൽ തങ്ങളെ തന്നെ ശുദ്ധീകരിക്കാൻ പെസഹായ്ക്കുമുമ്പേ ജറുസലേമിൽ പോയ ( യോഹ 6:55) അവരും അറിയാതെയോ അറിഞ്ഞോ ചോദിക്കുന്നുണ്ട്, “അവൻ തിരുന്നാളിന് വരികയില്ലെന്നോ?” (യോഹ 6:56). എല്ലാ യഹൂദ പുരുഷന്മാരും നിർബന്ധമായും പങ്കെടുക്കേണ്ട തിരുനാളാണ് പെസഹാതിരുനാൾ, ആയതിനാൽ അവൻ വന്നില്ലെങ്കിൽ നിയമ ലംഘനമായി അവനെ കുറ്റം വിധിക്കാൻവേണ്ടിയാണ് ചോദികുന്നതെങ്കിലും അതിലും ഒരു ദൈവഹിതം പൂർത്തീകരിക്കലുണ്ട്. അബ്രാഹം ഇസഹാക്കിനെ ബലിയർപ്പിക്കാൻവേണ്ടി പോകുമ്പോൾ ഇസഹാക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “ബലിയ്ക്കുള്ള കുഞ്ഞാടെവിടെ?” (പുറ. 22:7 b). ആ ചോദ്യം രക്ഷിക്കപ്പെടാനുള്ള ആഗ്രഹവുമായി തലമുറകളോളം ചോദിക്കപ്പെട്ടതും ചോദിക്കപ്പെടേണ്ടതുമായ ചോദ്യമാണ്. അത് ബലിയർപ്പിക്കാനുള്ള കുഞ്ഞാടിനെ തേടിയുള്ള ആഗ്രഹത്തിൽ നിന്നുണ്ടാകുന്ന ചോദ്യമാണ്, കുഞ്ഞാടെവിടെ, അവൻ വരുമോ പെസഹാ ബലിയർപ്പിക്കാൻ.

ബലിയർപ്പിക്കപ്പെട്ടു കഴിഞ്ഞു, രക്ഷതേടുന്ന ഓരോ മനുഷ്യർക്കുമുള്ള ബലി ഇന്നും അൾത്താരകളിൽ തുടർന്നുകൊണ്ടിരിക്കുമ്പോൾ എസക്കിയേൽ പ്രവാചകന്റെ പ്രവചനം പൂർത്തിയാക്കികൊണ്ടിരിക്കുന്നു, യേശുവിൽ പണിയപ്പെടുന്ന പുതിയ ഇസ്രായേൽജനമായി സഭ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി ഒന്ന് മാത്രമേ ആവശ്യമേയുള്ളൂ, ഓരോരുത്തരുടെയും ശുദ്ധീകരണം. ഇസ്രായേൽ ജനം സമൂഹമായി ഒന്നിച്ച് ശുദ്ധീകരണത്തിനായി ഒരുങ്ങിയതിൽ നിന്നും വ്യത്യസ്തമായി ക്രിസ്തു ആവശ്യപ്പെടുന്നത്, ഓരോരുത്തരുടെയും വ്യക്തിപരമായ ശുദ്ധീകരണമാണ്. വലിയ തിരുന്നാൾ ദിനങ്ങളിലേക്കു പ്രവേശിക്കാൻ ഒരുങ്ങുന്ന ഈ ദിനങ്ങളിൽ നമുക്ക് സ്വയം ശുദ്ധീകരിച്ചൊരുങ്ങാം, നമുക്കായി പണിയപ്പെട്ട അവന്റെ ആലയത്തിലേക്കു അങ്ങിനെ ചേർക്കപ്പെടാൻ ഇടവരട്ടെ. നല്ല വിശുദ്ധ ദിനങ്ങൾ നിങ്ങൾക്കോരോരുത്തർക്കും നേരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker